എ.ഐ വില്ലനോ? ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ തൊഴില്‍രഹിതരായത് ഒരു ലക്ഷത്തോളം പ്രൊഫഷണലുകള്‍

എ.ഐ വില്ലനോ? ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ തൊഴില്‍രഹിതരായത് ഒരു ലക്ഷത്തോളം പ്രൊഫഷണലുകള്‍

ന്യൂദല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ഇന്ത്യയിലെ ഐ.ടി കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ ഐ.ടി കമ്പനികളില്‍ നിന്ന് ഒരു ലക്ഷത്തോളം ജീവനക്കാരെ നിര്‍ബന്ധിതമായി പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സീനിയര്‍, മിഡില്‍ പൊസിഷനിലുള്ളവരാണ് കൂടുതലായും നിര്‍ബന്ധിത പിരിച്ചുവിടല്‍ നേരിടുന്നത്. ഭൂരിഭാഗം കമ്പനികളും തുച്ഛമായ ആനുകൂല്യങ്ങള്‍ നല്‍കിയ ശേഷമാണ് പിരിച്ചുവിടല്‍ നടപ്പിലാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ 38,255 പേരെയാണ് പിരിച്ചുവിട്ടത്. അഖിലേന്ത്യാ ഐ.ടി-ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ഐ.ടി.ഇ.യു) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
എന്നാല്‍ ജീവനക്കാര്‍ക്ക് പ്രത്യേക പാക്കേജ് നല്‍കിയാണ് പിരിച്ചുവിടലെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് നേരത്തെ അറിയിച്ചിരുന്നു. മൂന്നുമാസത്തെ നോട്ടീസ് പിരീഡ് നല്‍കി ഓരോ ജീവനക്കാരന്റെയും സേവന കാലയളവ് കണക്കാക്കി രണ്ടുവര്‍ഷം വരെയുള്ള വേതനം പിരിച്ചുവിടല്‍ പാക്കേജായി നല്‍കാനാണ് ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ പദ്ധതി.

കൂടാതെ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും റിട്ടയര്‍മെന്റിനോട് അടുത്തുനില്‍ക്കുന്നവര്‍ക്ക് നേരത്തെയുള്ള വിരമിക്കല്‍ ഓപ്ഷന്‍ അനുവദിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.
ടി.സി.എസിലെ കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഐടി പ്രൊഫഷണലുകള്‍ക്കായി ആരംഭിച്ച ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ആയിരക്കണക്കിന് കോളുകളാണ് ലഭിക്കുന്നതെന്ന് എ.ഐ.ഐ.ടി.ഇ.യു ജനറല്‍ സെകട്ടറി സൗഭിക് ഭട്ടാചാര്യ പറഞ്ഞു.
കൂട്ടപിരിച്ചുവിടലില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തൊഴില്‍ വകുപ്പും ഇടപെടണം. അടിയന്തരമായി തൊഴിലുടമയും തൊഴിലാളികളും തൊഴില്‍ വകുപ്പും ഉള്‍പ്പെട്ട ത്രികക്ഷി ചര്‍ച്ച വിളിച്ചുചേര്‍ക്കണമെന്നും സൗഭിക് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

അതേസമയം നടപ്പുവര്‍ഷം രണ്ട് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ടി.സി.എസ് അറിയിച്ചിരുന്നത്. അതായത് 12,000 ജീവനക്കാരെ. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് പുറമെ ഇന്ത്യയിലെ മുന്‍നിര ഐ.ടി കമ്പനിയായ ഇന്‍ഫോസിസിലും കൂട്ടപിരിച്ചുവിടല്‍ ഉണ്ടായിട്ടുണ്ട്.
ഇന്‍ഫോസിസിലും ടെക്മഹീന്ദ്രയിലുമായി പതിനായിരത്തിലേറെ പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വിപ്രോയില്‍ കാല്‍ ലക്ഷത്തോളം പേര്‍ക്കും. അക്‌സെന്‍ച്വറില്‍ 11,000 പേരും എച്ച്.സി.എല്‍ മെക്കില്‍ 6000 പേരും തൊഴില്‍രഹിതരായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button