ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ: വിവാദ നിയമം പാസാക്കി ഇസ്രായേൽ പാർലമെന്റ്

ജറുസലേം: അനധികൃതമായി തടവിലിട്ട ഫലസ്തീനി പൗരൻമാരെ തൂക്കിലേറ്റാൻ നിയമം പാസാക്കി ഇസ്രായേൽ. ഇസ്രായേൽ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്ന ഫലസ്തീനികളെ വധിക്കാൻ അനുമതി നൽകുന്ന വിവാദ നിയമമാണ് ഇസ്രായേൽ പാർലമെന്റായ നെസെറ്റ് പാസാക്കിയത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സഖ്യകക്ഷിയായ തീവ്ര വലതുപക്ഷ പാർട്ടികളുടെ കടുത്ത സമ്മർദത്തെത്തുടർന്നാണ് ഈ നീക്കം. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 120 അംഗ സഭയിൽ 62 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്.പുതിയ നിയമപ്രകാരം ‘ഇസ്രായേലിന്റെ നിലനിൽപ്പ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്തുന്ന’വരെ തൂക്കിക്കൊല്ലും. ഈ നിയമം പ്രായോഗികമായി ഫലസ്തീനികളെയും ഇസ്രായേലിലെ അറബ് വംശജരെയുമാണ് ലക്ഷ്യമിടുന്നത്. സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജൂത വംശജർക്ക് ഈ ശിക്ഷ ബാധകമാകില്ല.വധശിക്ഷ വിധിക്കപ്പെട്ടാൽ 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റും, വധശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് ഇളവിനായി അപേക്ഷിക്കാൻ അവകാശമുണ്ടാവില്ല തുടങ്ങിയ കർശന ഉപാധികളുമുണ്ട്. പുതിയ നിയമം വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളിൽ വിചാരണ നേരിടുന്ന ഫലസ്തീനികൾക്ക് കനത്ത തിരിച്ചടിയാകും.അതേസമയം ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ ഇത്തരം നിയമങ്ങൾക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമത്തിനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഹമാസും ഇസ്‍ലാമിക് ജിഹാദും ആഹ്വാനം ചെയ്തു.ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും നിയമത്തെ ശക്തമായി എതിർത്ത് രംഗത്തു വന്നിട്ടുണ്ട്. ഇത് ഇസ്രായേലിന്റെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുമെന്നും വിവേചനപരമായ നടപടിയാണെന്നും അവർ മുന്നറിയിപ്പ് നൽകി. ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനകൾ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.1954-ൽ ഇസ്രായേൽ വധശിക്ഷ നിർത്തലാക്കിയതാണ്. അപൂർവമായാണ് ഇസ്രായേലിൽ വധശിക്ഷ നടപ്പാക്കുന്നത്. ഇ​സ്രായേൽ രൂപവത്കരിച്ചപ്പോൾ മുതൽ ഇതുവരെ രണ്ടു പേർ മാത്രമാണ് വധശിക്ഷക്ക് ഇരയാക്കപ്പെട്ടിട്ടുള്ളത്. അതിലൊന്ന് നാസി ജർമനിയിലെ ഹോളോകോസ്റ്റിന് കുട്ടുനിന്ന അഡോൾഫ് ഐക്മാനാണ്. 1960ലാണ് അഡോൾഫ് ഐക്മാനെ കോടതി വിധിയെ തുടർന്ന് വധിക്കുന്നത്. ഇതിനും മുമ്പ് നടന്ന വധശിക്ഷ 1948ൽ സൈനിക ക്യാപ്ടനായ മെയ്ർ തോബിയാൻസ്കിയുടേതാണ്. രാജ്യ​ദ്രോഹകുറ്റം ആരോപിച്ചാണ് ഇയാളെ വധിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് രാജ്യം വീണ്ടും വധശിക്ഷയിലേക്ക് മടങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button