ഹോസ്റ്റലിലെ വെള്ളം കുടിച്ചവർക്ക് മഞ്ഞപ്പിത്തം; യൂണിവേഴ്സിറ്റി അടിച്ചുതകർത്ത് വാഹനങ്ങൾക്ക് തീയിട്ട് വിദ്യാർഥികൾ

ഭോപ്പാൽ: ഹോസ്റ്റലിലെ വെള്ളം കുടിച്ച വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് മധ്യപ്രദേശ് സെഹോറിലെ വിഐടി യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം. ഹോസ്റ്റലിലെ മോശം ഭക്ഷണവും വെള്ളവുമാണ് വിദ്യാർഥികളിലെ രോ​ഗവ്യാപനത്തിന് കാരണമെന്ന് ആരോപിച്ചാണ് പ്രതിഷേധം അലയടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് പ്രതിഷേധം അരങ്ങേറിയത്. രോഷാകുലരായ വിദ്യാർഥികൾ യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും മറ്റ് ഉപകരണങ്ങളും വെള്ളം ശുചീകരിക്കുന്ന ആർഒ പ്ലാന്റും ആംബുലൻസും തകർത്തു. ക്യാംപസിനകത്തെ ബസുകളും കാറുകളും മോട്ടോർസൈക്കിളുകളും അ​ഗ്നിക്കിരയാക്കി. സംഘർഷാവസ്ഥയെത്തുടർന്ന് അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ കാംപസിനകത്ത് വിന്യസിച്ചിട്ടുണ്ട്. നവംബർ 30 വരെ യൂണിവേഴ്സിറ്റിക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി വിദ്യാർഥികളാണ് ആശുപത്രിയിലായത്. ഇവരിൽ പലർക്കും മഞ്ഞപ്പിത്തം ബാധിക്കുകയും ചിലർ മരിക്കുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിക്കുന്നു. തങ്ങളുടെ പരാതി ഹോസ്റ്റൽ വാർഡൻമാരും സുരക്ഷാ ജീവനക്കാരും അവ​ഗണിക്കുകയും തങ്ങളെ ആക്രമിക്കുകയും ചെയ്ത‌തോടെയാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്സിറ്റി അധികൃതരുമായി സംസാരിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഇവർ പറയുന്നു. പരാതികൾ അവ​ഗണിച്ചതോടെ, 4000ലേറെ വിദ്യാർഥികൾ യൂണിവേഴ്സിറ്റി കാംപസിനകത്ത് തടിച്ചുകൂടുകയും പ്രതിഷേധിക്കുകയുമായിരുന്നു.അധികൃതരുടെ നിയന്ത്രണത്തിനപ്പുറത്തേക്ക് സ്ഥിതിഗതികൾ പെട്ടെന്ന് വഷളായി. വിവരമറിഞ്ഞ് അഷ്ത, ജവാർ, പർവാതി, കോട്‌വാലി, മാണ്ഡി പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ സ്ഥലത്തേക്ക് പാഞ്ഞെത്തി. മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരും സബ് ഡിവിഷനൽ മജിസ്ട്രേറ്റും വിദ്യാർഥികളുമായി സംസാരിച്ചെങ്കിലും പ്രതിഷേധം ഏറെ നേരം നീണ്ടു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റേയും പ്രശ്നം ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചെങ്കിലും മരണം സംബന്ധിച്ച ആരോപണങ്ങൾ തള്ളി. ‘വെള്ളവും ഭക്ഷണവും സംബന്ധിച്ച് വിദ്യാർഥികൾക്ക് ചില പ്രശ്നങ്ങളുണ്ട്. ​ഗുണമേന്മ സംബന്ധിച്ച പരാതികൾ പ്രതിഷേധത്തിന് വഴിമാറുകയായിരുന്നു. എന്നാൽ മഞ്ഞപ്പിത്തം ബാധിച്ച് ചില വിദ്യാർഥികൾ മരിച്ചെന്ന അഭ്യൂഹമുണ്ടെങ്കിലും അത് ശരിയല്ല. പരിശോധനയ്ക്കായി ഭക്ഷണത്തിന്റെയും വെള്ളത്തിന്റേയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്’- അഷ്ത സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിതിൻ താലെ പറ‍ഞ്ഞു. ‘വിദ്യാർഥികളുടെ ആരോപണം സർവകലാശാലാ അധികൃതർ തള്ളി. മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥികൾ മരിച്ചെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. യൂണിവേഴ്സിറ്റിയിൽ അങ്ങനെയാരും മരിച്ചിട്ടില്ല. മ‍ഞ്ഞപ്പിത്തമുണ്ടായവർ ചികിത്സ തേടിയിട്ടുണ്ട്. വെള്ളവും ഭക്ഷണവും പരിശോധിച്ചിട്ടുണ്ട്, അവയ്ക്ക് കുഴപ്പമില്ല. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നു’- രജിസ്ട്രാർ കെ.കെ നായർ പ്രതികരിച്ചു. അതേസമയം, മോശം ഭക്ഷണത്തെക്കുറിച്ചും രോ​ഗവ്യാപനത്തെക്കുറിച്ചും ജീവനക്കാരുടെ ആക്രമണത്തെക്കുറിച്ചും കാംപസിനകത്ത് നടന്ന പ്രതിഷേധത്തെക്കുറിച്ചും പൊലീസും ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button