കെ.സുധാകരന് ഇപ്രാവശ്യം സീറ്റില്ല; ഔദ്യോഗികമായി അറിയിച്ച് കെപിസിസി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് സീറ്റില്ല. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് സുധാകരനെ ഔദ്യോഗികമായി വിവരമറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ തന്റെ അതൃപ്തി നേതൃത്വത്തെ അറിയിച്ച് സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം. കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാമെന്ന ഫോര്‍മുല കെപിസിസി മുന്നോട്ടുവെച്ചിട്ടുണ്ട്. സുധാകരന് നിര്‍ദേശിക്കുന്നത് ആരായാലും അംഗീകരിക്കുമെന്നും കെപിസിസി അറിയിച്ചു.എംപിമാർ മത്സരിക്കേണ്ട എന്നാണ് തീരുമാനമെന്ന് സണ്ണി ജോസഫ് സുധാകരനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി 10 മണിയോടെ സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയത്. പരിപാടികളിൽ പങ്കെടുക്കാനുള്ളതുകൊണ്ടാണ് സുധാകരൻ മടങ്ങിയത് എന്നാണ് സണ്ണി ജോസഫിന്റെ വിശദീകരണം. എന്നാൽ തനിക്ക് മത്സരിക്കണമെന്ന് നിരന്തരം നേതൃത്വത്തെ അറിയിച്ചിട്ടും അനുമതി ലഭിക്കാത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്. സുധാകരനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് കണ്ണൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സുധാകരനെ ഒഴിവാക്കിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും എന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമ്പോൾ ഒത്തുതീർപ്പ് ഫോർമുല ഉണ്ടായിരുന്നു എന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുകയാണെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാൻ അനുവദിക്കണം എന്ന് സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കണം എന്നാണ് സുധാകരൻ ആവശ്യപ്പെടുന്നത്. സുധാകരനെ മത്സരിപ്പിക്കാൻ നേതൃത്വം ആലോചിച്ചിരുന്നു. എന്നാൽ കൂടുതൽ എംപിമാർ സ്ഥാനാർഥി മോഹവുമായി രംഗത്ത് വന്നതോടെയാണ് സുധാകരന് ഇളവ് നൽകേണ്ടതില്ല എന്ന തീരുമാനമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button