കാസർകോട്ട് സിറ്റിങ് സീറ്റുകളിൽ നേരിട്ടത് കടുത്ത മത്സരം; ഉദുമയും കൈവിട്ടു പോകുമോ എന്ന് ആശങ്ക, സിപിഎം വിലയിരുത്തൽ ഇങ്ങനെ
കാസർകോട്: ജില്ലയിലെ എല്‍ഡിഎഫ് സിറ്റിങ് സീറ്റുകളിൽ കടുത്ത മത്സരമുണ്ടായെന്ന് സിപിഎം വിലയിരുത്തൽ. സിറ്റിങ് സീറ്റായ ഉദുമ കൈവിട്ടു പോകുമോ എന്ന ആശങ്കയും പാർട്ടിക്കുണ്ട്. തൃക്കരിപ്പൂരിൽ ഭൂരിപക്ഷം അഞ്ചിൽ ഒന്നായി കുറയുമെന്ന ആശങ്കയും മണ്ഡലം കമ്മറ്റി ജില്ലാകമ്മറ്റിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ മികച്ച പോരാട്ടം നടത്തിയെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് പിന്നാലെ മണ്ഡലം കമ്മിറ്റികൾ നടത്തിയ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ആശങ്കകൾ പങ്കുവെക്കുന്നത്. വിജയം ഉറപ്പിച്ചായിരുന്നു സിപിഎം ഉദുമ മണ്ഡലത്തിൽ സി.എച്ച് കുഞ്ഞമ്പുവിനെ രണ്ടാം അങ്കത്തിന് ഇറക്കിയത്. 2021 ൽ 13000 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ച കുഞ്ഞമ്പുവിനു ഇത്തവണ കാലിടറുമെന്നാണ് സിപിഎമ്മിൻ്റെ തന്നെ വിലയിരുത്തൽ. ഉദുമയിൽ 1500 വോട്ടിന് സിപിഎം പിന്നിലെന്നാണ് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മറ്റിക്ക് നൽകിയ റിപ്പോർട്ട്. കയ്യൂർ ചീമേനി ചിലിക്കോട് തുടങ്ങി പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന തൃകരിപ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 26137 വോട്ടിൻ്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ ഭൂരിപക്ഷം 5000 ത്തിൽ താഴുമെന്നാണ് മണ്ഡലം കമ്മറ്റിയുടെ റിപ്പോർട്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു. ഇത്തവണ മണ്ഡലത്തിൽ ന്യൂനപക്ഷ ഏകീകരണമുണ്ടായെന്നാണ് വിലയിരുത്തൽ. ഇത് സിപിഎമ്മിന് വലിയ ക്ഷീണം ഉണ്ടാക്കും. ഉറച്ച വോട്ടുകളുടെ കണക്കാണ് മണ്ഡലം കമ്മറ്റികൾ ജില്ലാ കമ്മിറ്റിക്ക് നൽകിയിട്ടുള്ളതെന്നും നിക്ഷപക്ഷ വോട്ടുകൾ ചേരുന്നതോടെ രണ്ട് മണ്ഡലങ്ങളിലും വിജുയിക്കാനാവുമെന്ന് സിപിഎം പറയുന്നു





