കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന; നാണം കെട്ട് വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിസന്ധിയിലായി ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തിനായി വമ്പൻ പദ്ധതികൾ ആയിരുന്നു ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചത്. കേന്ദ്ര അവഗണന വികസിത കേരളം എന്ന ബിജെപി പ്രചാരണങ്ങൾക്ക് തിരിച്ചടിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പിന്നീട് വിശദമായി പ്രതികരിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മറുപടി.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തിനായി വമ്പൻ പദ്ധതികൾ ആയിരുന്നു ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചത്. പതിറ്റാണ്ടുകളായുള്ള ആവശ്യമായ എയിംസ് ഉറപ്പെന്നും നേതാക്കൾ കണക്കുകൂട്ടി. സംസ്ഥാനത്തിനായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ ഉയർത്തി പ്രചരണം നടത്താനായിരുന്നു പദ്ധതി. രാജീവ്‌ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം ബജറ്റ് പ്രസംഗം കേൾക്കാനായി മാരാർജി ഭവനിലേക്ക് മാധ്യമങ്ങളെയും വിളിച്ചുവരുത്തി. നിർമല സീതാരാമൻ ബജറ്റ് അവതരണം പൂർത്തിയാക്കിയതോടെ നേതാക്കൾ നിരാശരായി. മാധ്യമങ്ങളോട് കയർത്തായിരുന്നു സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം.വികസിത കേരളം എന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവച്ച മുദ്രാവാക്യം. തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാനും ബിജെപിക്കായി. പ്രധാനമന്ത്രിയെ തിരുവനന്തപുരത്ത് എത്തിച്ച് വമ്പൻ പ്രഖ്യാപനങ്ങൾ എന്നായിരുന്നു പ്രചാരണം. പ്രധാനമന്ത്രിയെത്തിയെങ്കിലും വെറും രാഷ്ട്രീയ പ്രസംഗം മാത്രം നടത്തി മടങ്ങി. അതിനു തൊട്ടു പിന്നാലെയാണ് കേന്ദ്ര ബജറ്റിലെയും അവഗണന. ഇതോടെ എന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങുകയാണ് ബിജെപി നേതൃത്വം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button