അഭിഭാഷകനോട് കൈക്കൂലി വാങ്ങി ; കൊച്ചി കോർപറേഷനിലെ ഉദ്യോഗസ്ഥർ പിടിയില്‍, പണം വിജിലൻസ് പിടിച്ചെടുത്തു
കൊച്ചി: കൈക്കൂലിയുമായി കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.ഒരാളുടെ പക്കൽ നിന്ന് 5000 രൂപയും മറ്റൊരാളുടെ പക്കൽ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ഭൂമിയുടെ പേര് മാറ്റുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.അഭിഭാഷകനായ ഉമർ ഫാറൂഖ് ഇതിനായി മെയ് മാസം മുതൽ കൊച്ചി കോർപറേഷന്‍റെ സോണൽ ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്. പിന്നാലെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത്. ഉമർ ഫാറൂഖ് നൽകിയ പരാതിയിൽ പരിശോധന നടത്തിയ വിജിലൻസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
