പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു
കോട്ടയം: പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീണു. പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ജയ് മോൻ ജോസഫാണ് ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചാണ് സംഭവം.സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയായിരുന്നു എന്ന് ജയ്മോൻ പറഞ്ഞു. ബസിന്റെ മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. യാത്രക്കാർ വെള്ളം കുടിച്ച് ഉപേക്ഷിച്ച കുപ്പികളായിരുന്നു ബസിന്റെ മുൻവശത്ത് കൂട്ടിയിട്ടിരുന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ മന്ത്രിയുടെ വാഹനം ബസിന് പിന്നാലെ എത്തി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറെയും കണ്ടക്ടറേയും വിളിച്ചുവരുത്തി പുറത്തിറക്കിയ ശേഷം മന്ത്രി ശാസിക്കുകയും ചെയ്തു. വാഹനത്തില്‍ മാലിന്യങ്ങള്‍ ഇടരുതെന്നും വൃത്തിയായി സൂക്ഷിക്കണമെന്നും കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നിര്‍ദേശം എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിട്ടുള്ളതാണ്. ഇത് പാലിക്കാത്ത ഈ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം യാത്ര ചെയ്ത ആള്‍ വെള്ളം കുടിച്ചിട്ട് ഇട്ട കുപ്പി ഇപ്പോഴും ബസിനുള്ളില്‍ കിടക്കുന്നുണ്ടെങ്കില്‍ അത് ബസ് ജീവനക്കാരുടെ തെറ്റാണെന്നും ഇനി ഇത് ആവര്‍ത്തികരുതെന്നും മന്ത്രി താക്കീത് നല്‍കി. രാവിലെ എത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്ത് എടുത്ത് പോരുകയല്ലാതെ വാഹനം വൃത്തിയാക്കാന്‍ പോലും ശ്രമിച്ചിട്ടില്ലെന്നും വെറുതെയല്ല കെ.എസ്.ആർ.ടി.സി ബസുകള്‍ നശിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു.
