എൽഡിഎഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്ന് മത്സരിക്കേണ്ടി വരും, ജയിച്ചാൽ രാജിവെക്കണം; പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎമ്മുകാർ കുറ്റക്കാർ

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎമ്മുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കളായ  ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരാണ് പ്രതികൾ. തളിപ്പറമ്പ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി നാളെ പ്രതികളുടെ ശിക്ഷ വിധിക്കും.ബിജെപി പ്രവർത്തകനായ സി. കെ രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തി കേസിലെ ഒന്നാംപ്രതിയാണ് നന്ദകുമാർ. വി കെ നിഷാദ് പയ്യന്നൂർ നഗരസഭയിലെ മൊട്ടമ്മൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. കൂടാതെ ഡിവൈഎഫ്ഐയുടെ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമാണ് ഇയാൾ.2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.  സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലെ വലിയ സംഘർഷം ഉടലെടുത്തിരുന്നു. അതിനിടെയാണ് എസ്ഐയും എഎസ്ഐയും സഞ്ചരിച്ച പൊലീസ് വാഹനത്തിന് നേരെ പ്രതികൾ ബോംബ് എറിഞ്ഞത്.നാളെ ശിക്ഷ വിധിച്ചാൽ വി. കെ നിഷാദ് ജയിൽ കിടന്ന് ജനവിധി തേടേണ്ടി വരും. മാത്രമല്ല തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ സ്ഥാനം രാജിവെക്കേണ്ടിവരും. പയ്യന്നൂർ എംഎൽഎയായ ടി. മധുസൂദനൻ  ഇന്ന് കോടതിയിൽ എത്തിയിരുന്നു. മുൻപ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത പല  കേസുകളും സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. കേസ് പിൻവലിച്ച സർക്കാർ നടപടിയെ ജഡ്ജി രൂക്ഷ വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button