Site icon Newskerala

മാറിവീശിയ കാറ്റില്‍ തദ്ദേശത്തില്‍ അടിതെറ്റി എല്‍ഡിഎഫ്; നേരിട്ടത് അപ്രതീക്ഷിത തിരിച്ചടികള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് സംസ്ഥാനത്തെ എല്‍ഡിഎഫ് ക്യാമ്പ്. ക്ഷേമപദ്ധതി പ്രഖ്യാപനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പുറത്ത് വിടുന്നതിലൂടെ വിവാദങ്ങളെ മറികടക്കാനാകുമെന്ന് കണക്കുകൂട്ടിയിരുന്ന എല്‍ഡിഎഫിന് പക്ഷേ, തൊട്ടതെല്ലാം പിഴക്കുന്ന സാഹചര്യമാണ് നാട്ടുവിധിയില്‍ കാണാനായത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ പ്രതിപക്ഷം ആഞ്ഞുപിടിച്ച ശബരിമല സ്വര്‍ണക്കൊള്ള വിവാദവും കനത്തതാണ് എല്‍ഡിഎഫ് തിരിച്ചടിക്ക് പ്രധാന കാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് പതിവിലും കവിഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു എല്‍ഡിഎഫ് ക്യാമ്പും പ്രവര്‍ത്തകരും. എന്നാല്‍, ക്ഷേമപെന്‍ഷനുകളുടെ വാഗ്ദാനങ്ങള്‍ നല്‍കിയതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാമെന്ന അമിത ആത്മവിശ്വാസത്തിന് ജനം തെരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമേല്‍പ്പിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിലൂടെ തങ്ങളിനിയും തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കേണ്ടതുണ്ടെന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍. സംഘടനാ തലത്തില്‍ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും കാരണങ്ങള്‍ വിശദമായി പരിശോധിച്ച് തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. വര്‍ഗീയ ശക്തികളുടെ ദുഷ്പ്രചാരണത്തിലും കുടിലതന്ത്രങ്ങളിലും ജനങ്ങള്‍ അകപ്പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. എല്ലാത്തരം വര്‍ഗീയതക്കുമെതിരെ പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ടുന്നതിന്റെ പ്രാധാന്യത്തിലേക്ക് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നുണ്ടെന്നും എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാക്കുന്നതിനായി എല്‍ഡിഎഫ് പ്രവര്‍ത്തിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളില്‍ 340 പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ഇത്തവണ നേടാന്‍ കഴിഞ്ഞത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 63 എണ്ണവും ഏഴ് ജില്ലാ പഞ്ചായത്തുകളും മാത്രം നേടാനായ എല്‍ഡിഎഫിന് കോര്‍പറേഷനുകളുടെ കാര്യമെടുത്താല്‍ ബിജെപിയുടേതിന് തുല്യമാണ് കണക്കുകള്‍. 87 മുനിസിപ്പാലിറ്റികളില്‍ 28 എണ്ണം മാത്രമാണ് എല്‍ഡിഎഫ് ക്യാമ്പിന് സ്വന്തം അക്കൗണ്ടിലേക്ക് ഇത്തവണ നീക്കിവെക്കാനായത്.

Exit mobile version