ലോണ്‍ ആപ്പ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു ; ആര്യനാട്ട് 21കാരന് ആസിഡ് കഴിച്ച് ജീവനൊടുക്കി
തിരുവനന്തപുരം: ഓൺലൈൻ ലോണ്‍ ആപ്പ് വഴി പണം എടുത്ത യുവാവ് ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് 21കാരൻ ജീവനൊടുക്കി.തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് (21) ആണ് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. പണം തിരികെ അടച്ചു തീർക്കാത്തതിനെത്തുടര്‍ന്ന് ആനന്ദിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ അയച്ചുകൊടുത്തിരുന്നു. ഇതില്‍ മനംനൊന്ത് ആനന്ദ് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.ഈ മാസം 6 നു ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ ഇരയുടെ കുടുംബം പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി.ലോൺ ആപ്പിൽ നിന്നും പണം എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നുവെന്ന് പിതൃസഹോദരൻ അനിൽകുമാർ പറഞ്ഞു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





