പ്രണയം നിരസിച്ചു; യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി, പലതവണ കഴുത്തിൽ കത്തി കുത്തിയിറക്കി; ബംഗളൂരുവിനെ നടുക്കി കൊലപാതകം
ബംഗളൂരു: പ്രണയ നൈരാശ്യത്തെ തുടർന്ന് ബംഗളൂരുവിൽ വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ബിഫാം വിദ്യാർഥിനിയായ യാമിനി പ്രിയയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കഴുത്തിൽ പലതവണ കത്തി കുത്തി ഇറക്കിയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി വിഗ്നേഷ് ഓടിരക്ഷപെട്ടു.ബംഗളൂരു മന്ത്രി മാളിന് സമീപത്തെ റെയിൽവെ ട്രാക്കിനടുത്തുവെച്ചുള്ള റോഡിലാണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെ ഏഴുമണിക്കാണ് പരീക്ഷ എഴുതാനായി യാമിനി പുറപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരികെ വരുന്നതിനിടെ വിഗ്നേഷ് തന്റെ ബൈക്കിൽ പിന്തുടർന്നു. പ്രണയം നിരസിച്ചതിന്റെ പകയിൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീറാംപുര പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കുന്നതിന് മുമ്പ് പ്രതി യാമിനിയുടെ കണ്ണിൽ മുളകുപൊടി വിതറിയതായി സംശയിക്കുന്നുണ്ട്. യാമിനിയുടെ കഴുത്തിൽ നിന്നും മുഖത്ത് നിന്നും ഗുരുതര രക്തസ്രാവമുണ്ടായതിനാൽ ഉടൻ തന്നെ മരണം സംഭവിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷി മൊഴികൾ എടുക്കുന്നതായും പൊലീസ് അറിയിച്ചു.
