മലപ്പുറം വിഭജിക്കണം, കേവലം മതപരമായി ഇതിനെ കാണരുത്: കാന്തപുരം എ.പി വിഭാഗം

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയിലാണ് പ്രസ്താവനയിലൂടെ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയര്‍ത്തിയത്.
കേരള യാത്ര മലപ്പുറം ജില്ലയിലെത്തിയപ്പോള്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ വൈസ് ക്യാപ്റ്റനുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളാണ് ഈ പ്രസ്താവന വായിച്ചത്.

ജില്ലാ വിഭജനം കേവലം മതത്തിന്റെ കണ്ണിലൂടെ മാത്രം കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
‘ജില്ലാ വിഭജനമെന്നത് റവന്യൂ സൗകര്യങ്ങള്‍ക്ക് വേണ്ടിയുളളതാണ്. അല്ലാതെ അത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനഃക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്.

കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ സൂക്ഷ്മമായി പഠിച്ചുകൊണ്ടുളള പുനഃസംഘടനയാണ് വേണ്ടത്,’ ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ എസ്.എന്‍.ഡി.പിക്ക് ഒരു സ്ഥാപനവുമില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിനും ഖലീല്‍ തങ്ങള്‍ മറുപടി നല്‍കി.
എസ്.എന്‍.ഡി.പി അപേക്ഷ സമര്‍പ്പിച്ച ശേഷം അവര്‍ക്ക് അര്‍ഹതയുളളത് കൊടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ അത് കൊടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ഒരു എയ്ഡഡ് സ്‌കൂള്‍ പോലും ഇല്ലാത്തവരാണ് എ.പി. അബൂബക്കര്‍ വിഭാഗമെന്നും ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി എന്നറിയാന്‍ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കട്ടെയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരി ഒന്നാം തീയതിയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കേരള യാത്ര ആരംഭിച്ചത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് യാത്ര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button