വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ടോയ്‌ലെറ്റിൽ പാമ്പിനെ തുറന്നുവിട്ടയാൾ അറസ്റ്റിൽ

ന്യൂഡൽഹി : മുംബൈ-സോളാപൂർ വന്ദേ ഭാരത് എക്സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാസിക് ജില്ലയിൽ താമസിക്കുന്ന 37 കാരനായ ജഗൻ അർജുൻ ഭാലെ ആണ് പിടിയിലായത്.ഡിസംബർ 27 ന് ട്രെയിൻ നമ്പർ 22225 ലാണ് സംഭവം. യാത്രയ്‌ക്കിടെ കോച്ച് സി -16 ന്റെ ടോയ്‌ലറ്റിനുള്ളിലാണ് യാത്രക്കാർ പാമ്പിനെ കണ്ടെത്തിയത്. റെയിൽവേ ജീവനക്കാർ ഉടൻ തന്നെ ടൊയ് ലറ്റ് അടച്ചുപൂട്ടി കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ സോളാപൂർ സ്റ്റേഷനിൽ എത്തിയതോടെ അവിടെ വച്ച് പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് ആർപിഎഫ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഫെബ്രുവരി 12 ന് മുംബൈയിൽ നിന്നും അർജുൻ ഭാലെയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ടോയ്‌ലറ്റിൽ കയറി പാമ്പിനെ തുറന്നുവിടുന്നത് വ്യക്തമായി കാണാമായിരുന്നു. സാങ്കേതിക തെളിവുകളും ഒരു യാത്രക്കാരനിൽ നിന്ന് ലഭിച്ച പ്രത്യേക രഹസ്യ വിവരവും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ആർ‌പി‌എഫ് പ്രതിയിലേക്ക് എത്തിയത്.1989 ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 145 (ബി), 147, 153 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ അന്വേഷണത്തിനായി 14 ദിവസത്തെ മജിസ്റ്റീരിയൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ ആർ‌പി‌എഫ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാളുടെ പ്രവൃത്തിക്ക് പിന്നിലെ ഉദ്ദേശ്യം ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button