നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ചയാള്‍ വീട്ടിൽ മരിച്ച നിലയിൽ

കാസര്‍കോട്: നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംകുഴി പുതുക്കുടി സ്വദേശിയായ ഹമീദ് അലി (65) യെയാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പാടിയിൽ തിങ്കളാഴ്ച രാത്രിയാണ് ബസിന് കല്ലെറിഞ്ഞ സംഭവം. മംഗളൂരു ഭാഗത്ത് നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കേരള സ്റ്റേറ്റ് ആർടിസി ബസിനാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബസിന്റെ പിൻവശത്തെ ചില്ല് തകര്‍ന്നിരുന്നു.ഉള്ളാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഹമീദ് അലിയെ തിങ്കളാഴ്ച രാത്രി പിടികൂടി അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് നോട്ടീസ് നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. രാത്രി തലപ്പാടിയിൽ ബസ് കാത്തുനിന്നപ്പോൾ രണ്ട് കർണാടക ആർടിസി ബസുകളും പിന്നാലെ എത്തിയ കേരള കെഎസ്ആർടിസി ബസും കൈകാട്ടിയിട്ടും നിർത്താതെ പോയതിനെ തുടർന്നാണ് കല്ലെറിഞ്ഞതെന്നാണ് ഹമീദിൻ്റെ മൊഴി.ഹമീദിനെ പൊലീസ് പിടികൂടിയ സമയത്തെ ചിത്രം ആരോ എടുത്ത് വാട്സാപ്പിൽ പങ്കുവെച്ചിരുന്നു. മലപ്പുറം സ്വദേശിനിയായ ഭാര്യ സ്വന്തം വീട്ടിലായിരുന്നതിനാൽ ചിത്രം ലഭിച്ചതോടെ ഭർത്താവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അയൽവാസിയോട് വീട്ടിൽ പോയി നോക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഹമീദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button