മകളുമായി സംസാരിച്ചതിന് ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ടു: ട്രെയിനിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം
പാലക്കാട് : യുവാവിനെ ട്രെയിനിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്.മലമ്പുഴ കാഞ്ഞിരക്കടവ് റെയിൽവേ മേൽപ്പാലത്തിനുതാഴെയാണ് തമിഴ്നാട് ദിണ്ടിഗൽ സ്വദേശി മുകേഷിന്റെ (22) മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടെയുണ്ടായിരുന്നയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച പകൽ മൂന്നോടെയാണ് മൃതദേഹം പുഴയുടെ സമീപത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയത്. പാലക്കാട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.യുവാവ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. ഞായർ രാത്രി പത്തരയോടെ കണ്ണൂർ –യശ്വന്ത്പുർ എക്സ്പ്രസിൽനിന്നുമാണ് പുഴയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന കുടുംബം പോത്തന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കൂടെ സഞ്ചരിച്ചിരുന്ന യുവാവിനെ കാണാനില്ലെന്ന് ആർപിഎഫിന് പരാതി നൽകി. ആർപിഎഫ് ഇക്കാര്യം പാലക്കാട് റെയിൽവേ പൊലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വെളിവായത്.കർണാടകത്തിലെ മംഗളൂരുവിൽ റബർ ടാപ്പിങ് കരാറെടുത്ത് നടത്തുകയായിരുന്ന, അച്ഛനും അമ്മയും പെൺകുട്ടിയും അടങ്ങുന്ന കുടുംബതിനോടൊപ്പമാണ് യുവാവ് സഞ്ചരിച്ചത്. ഞായറാഴ്ച മംഗളൂരുവിൽനിന്ന് നാട്ടിലേക്ക് മടങ്ങിയ നാലുപേരും പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ബർത്തുകളിൽ ഉറങ്ങാനായി കിടന്നു. അൽപ്പസമയം കഴിഞ്ഞ് പെൺകുട്ടിയുടെ അച്ഛൻ ഴുന്നേറ്റപ്പോൾ മകളെയും മുകേഷിനെയും ബർത്തുകളിൽ കണ്ടില്ല. ഇവർ ട്രെയിനിന്റെ വാതിലിനുസമീപംനിന്ന് സംസാരിക്കുന്നത് കണ്ടുഇത് കണ്ട പെൺകുട്ടിയുടെ അച്ഛൻ യുവാവിനെ പിടിച്ചുതള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് ബാലൻസ് തെറ്റിയാണ് യുവാവ് ട്രെയിനിൽനിന്ന് താഴേക്ക് വീണത്. യുവാവിനെ തള്ളിയിട്ട ശേഷം കുടുംബംതന്നെയാണ് തങ്ങളുടെ കൂടെ സഞ്ചരിച്ചിരുന്ന ആളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയത്. എണ്നൽ ഇവരുടെ സംസാരത്തിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.പെൺകുട്ടിയുടെ അച്ഛനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ പോക്സോ വകുപ്പ് ഉൾപ്പെടെ പരിശോധിക്കും





