തകർത്തടിച്ച് മാർക്രം, എറിഞ്ഞു വീഴ്ത്തി എൻഗിഡി; കാനഡക്കെതിരെ പ്രോട്ടീസിന് ജയം
അഹ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ കാനഡക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 57 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 213 റൺസ് അടിച്ചുകൂട്ടിയപ്പോൾ കാനഡയുടെ മറുപടി എട്ടിന് 156ൽ അവസാനിച്ചു. ജയത്തോടെ പ്രോട്ടീസ് ഗ്രൂപ്പ് ഡിയിൽ ഒന്നാമതായി. മത്സരത്തിൽ ടോസ് നേടിയ കാനഡ പ്രോട്ടീസിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ക്യാപ്റ്റനും ഓപണററുമായ എയ്ഡൻ മാർക്രം 32 പന്തിൽ 59 റൺസടിച്ച് ടോപ് സ്കോററായി. ഡേവിഡ് മില്ലർ 23 പന്തിൽ 39ഉം ട്രിസ്റ്റൻ സ്റ്റബ്സ് 19 പന്തിൽ 34ഉം റൺസ് നേടി പുറത്താവാതെ നിന്നു. ഓപണർ ക്വിന്റൺ ഡി കോക്ക് (22 പന്തിൽ 25), റയാൻ റിക്കിൾടൻ (21 പന്തിൽ 33) എന്നിങ്ങനെയാണ് മറ്റു പ്രധാന സംഭാവനകൾ. കാനഡക്കായി അൻഷ് പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ മുൻനിരയിൽ നവനീത് ധലിവാലിന്റെ ചെറുത്തുനിൽപ്പാണ് കാനഡയെ വൻതകർച്ചയിൽനിന്ന് രക്ഷിച്ചത്. 49 പന്തിൽ 64 റൺസാണ് താരത്തിന്റെ സമ്പാദ്യം. 33 റൺസ് നേടിയ ഹർഷ് താക്കറാണ് മറ്റൊരു പ്രധാന സ്കോറർ. ദക്ഷിണാഫ്രിക്കക്കായി എൻഗിഡി നാലോവറിൽ 31 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുതു. മാർക്കോ യാൻസൻ രണ്ട് വിക്കറ്റ് നേടി.





