ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം; കൊല്ലത്ത് മൂന്ന് വീടുകൾ കത്തിനശിച്ചു
കൊല്ലം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള വൻ തീപിടിത്തത്തിൽ മൂന്ന് വീടുകൾ പൂർണമായി കത്തിനശിച്ചു. തങ്കശ്ശേരി ആൽത്തറമൂട് വലത്തേ തൊടിയിൽ നഗറിൽ വ്യാഴാഴ്ച രാത്രി എട്ടോടെ ആണ് തീപിടിത്തം. തകര ഷീറ്റ് പാകിയ വീടുകൾ ആണ് തീപടർന്ന് നശിച്ചത്. തീപിടിത്തം ആദ്യമുണ്ടായ വീട്ടിൽ ആളില്ലാതിരുന്നതും തീ കണ്ട് സമീപ വീടുകളിൽ നിന്ന് ആളുകൾ ഓടി മാറിയതും രക്ഷയായതോടെ ആർക്കും അത്യാഹിതമുണ്ടായില്ല. കുട്ടികളും പ്രായമായവരും അടങ്ങുന്ന, അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന 32 വീടുകൾ ആണ് നഗറിൽ ആകെയുള്ളത്. വെള്ളം കയറുന്ന പ്രശ്നമുള്ള സ്ഥലമായതിനാൽ അഞ്ചോളം വീടുകളിലാണ് താമസക്കാർ ഉള്ളത്. മുരുകൻ എന്നയാളുടെ വീട്ടിൽ ആണ് ആദ്യം ഗ്യാസ് സിലിണ്ടർ തീപിടിച്ച് പൊട്ടിത്തകർന്നത്. പുക ഉയരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടപ്പോഴേക്കും ഗ്യാസ് സിലിണ്ടറിലേക്ക് തീ പടർന്ന് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. നിമിഷങ്ങൾക്കകം തീ പടർന്ന് തൊട്ടുചേർന്നുള്ള മറ്റ് വീടുകളിലേക്കും വ്യാപിച്ചു. ചുമരും മേൽക്കൂരയും ഉൾപ്പെടെ ഷീറ്റിലുള്ള വീടുകളിൽ പെട്ടെന്ന് തീ പടർന്നുകയറി. അനി, കൃഷ്ണൻ കുട്ടി എന്നിവരുടേതാണ് പൂർണമായി കത്തിനശിച്ച മറ്റ് വീടുകൾ. അനിയുടെ വീട്ടിലെയും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയത്. ലോട്ടറി വിൽപന നടത്തുന്ന ഭിന്നശേഷിക്കാരനായ കൃഷ്ണൻ കുട്ടിയെ സമീപവാസികൾ വീട്ടിൽ നിന്ന് രക്ഷിച്ച് പുറത്ത് എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചാമക്കട, കടപ്പാക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളിൽ നിന്നായി ഏഴ് യൂനിറ്റ് അഗ്നിരക്ഷസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൂർണമായി നശിച്ച വീടുകളിൽ വീട്ടുപകരണങ്ങളും രേഖകൾ ഉൾപ്പെടെ അവശ്യ സാധനങ്ങളും ഉൾപ്പെടെ നഷ്ടമായി. കലക്ടർ എൻ. ദേവിദാസും മേയർ ഹണിയും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വീട് നഷ്ടമായവരെ താൽകാലികമായി മാറ്റിപ്പാർപ്പിക്കാനുള്ള നടപടി ആരംഭിച്ചു. പള്ളിത്തോട്ടം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.




