ഗ്യാസ് ടാങ്കറുകളില്‍നിന്ന് വന്‍തോതില്‍ വാതകം ചോര്‍ത്തി; മഹാരാഷ്‌ട്രയില്‍ 1.26 കോടിയുടെ കള്ളക്കടത്ത് സംഘം പിടിയില്‍
മുംബൈ: ഗ്യാസ് ടാങ്കറുകളില്‍നിന്ന് പാചകവാതകം മോഷ്ടിച്ച് മറിച്ചുവില്‍ക്കുന്ന അന്തര്‍സംസ്ഥാന കള്ളക്കടത്ത് സംഘത്തെ മഹാരാഷ്‌ട്ര വിജിലന്‍സ് സെല്‍ പിടികൂടി. ഛത്രപതി സംഭാജിനഗറിലെ ഖോജെവാഡി ഷിവര്‍ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പ്രതികളില്‍നിന്ന് 1.26 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങളും ഗ്യാസ് സിലിണ്ടറുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.വിജനമായ സ്ഥലത്ത് ഒളിഞ്ഞിരുന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ വലിയ ടാങ്കറുകളില്‍നിന്ന് പാചകവാതകം ചെറിയ സിലിണ്ടറുകളിലേക്ക് മാറ്റുന്നതിനിടെയാണ് വിജിലന്‍സ് സംഘം എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ഈ നീക്കം. 35,220 കിലോ എല്‍പിജിയാണ് ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് (ഏകദേശം 2,480 കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാവുന്ന അളവാണിത്).രണ്ട് വലിയ ഗ്യാസ് ടാങ്കറുകള്‍, 26 സിലിണ്ടറുകള്‍ എന്നിവ കണ്ടെടുത്തു.പിടിച്ചെടുത്ത സാധനങ്ങള്‍ക്കെല്ലാം കൂടി 1.26 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വലിയ ടാങ്കറുകളില്‍നിന്ന് ശാസ്ത്രീയമല്ലാത്ത രീതിയില്‍ ഗ്യാസ് ചോര്‍ത്തുന്നത് വന്‍ സ്‌ഫോടനങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമായേക്കാവുന്ന സാഹചര്യത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഇതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.





