വീണ്ടും ചികിത്സ പിഴവ്: പ്രസവത്തിനെത്തിയ യുവതി അണുബാധയെ തുടര്‍ന്ന് മരിച്ചു; എസ്എടി ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍
സംസ്ഥാനത്ത് വീണ്ടും ചികില്‍സ പിഴവ് ആക്ഷേപം. എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. അണുബാധയെത്തുടര്‍ന്നായിരുന്നു മരണമെന്നാണ് ആരോപണം. എസ്എടി ആശുപത്രി അധികൃതര്‍ ആരോപണം പാടെ നിഷേധിക്കുമ്പോള്‍ ശക്തമായ പ്രതിഷേധത്തിലാണ് ആശുപത്രി പരിസരത്ത് ബന്ധുക്കള്‍. മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചാണ് ബന്ധുക്കള്‍ പ്രതിഷേധിക്കുന്നത്.
മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വേണു എന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സമാനമായ പുതിയ സംഭവം എസ്എടിയില്‍ ഉണ്ടായിരിക്കുന്നത്. പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേ അല്‍പ സമയം മുമ്പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. നില വഷളായതിനാലാണ് എസ്എടിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ശിവപ്രിയയെ മാറ്റിയിരുന്നത്.
കരിക്കകം സ്വദേശിയായ ശിവപ്രിയയുടെ പ്രസവം 22തീയ്യതിയായിരുന്നു. 25 ന് ആശുപത്രി വിട്ടു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റിയിരുന്നു. ബ്ലഡ് കള്‍ച്ചറില്‍ ഇന്‍ഫക്ഷന്‍ എന്ന് കണ്ടെത്തി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്.
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വീട്ടുകാര്‍ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.





