വീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമം; മാനസികവിഭ്രാന്തിയുള്ള ആൾ പിടിയിൽ
ഏറ്റുമാനൂർ: വീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ക്ഷേത്ര വടക്കേ നടയിൽ താമസിക്കുന്ന പത്മാലയത്തിൽ ശിവജിയുടെ വീടിന്റെ കതകാണ് സമീപവാസിയായ മാനസികവിഭ്രാന്തിയുള്ള വേണു പരമേശ്വരൻ കത്തിച്ചത്.പ്രദേശവാസികളുടെ സമയോചിത ഇടപെടൽ മൂലമാണ് തീ അണക്കാൻ കഴിഞ്ഞത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. പ്രധാന വാതിൽ ഭാഗികമായി കത്തി നശിച്ചു. വീട്ടിൽ ശിവജിയും ഭാര്യയും കുട്ടികളും ഇല്ലായിരുന്നു. ഒരാഴ്ചമുമ്പ് ഇയാൾ ശിവജിയുടെ വീടിന്റെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞുടച്ചിരുന്നു.വീട്ടിൽ താമസിക്കുന്നതിന് ജീവ ഭയം ഉണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ മാനസിക ചികിത്സ കേന്ദ്രത്തിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
