കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും 1000 രൂപ; പ്രഖ്യാപനവുമായി മന്ത്രി ശിവൻകുട്ടി
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാറിന്റെ വക 1000 രൂപ ഗ്രാന്റ് ആയി നൽകുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. അടുത്ത സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യം. താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി. സ്കൂൾ കായികമേളയില്‍ ഇത്തവണ പരിഷ്കരിച്ച മാനുവലിൽ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തിൽ ഉൾപ്പെടുത്തും. കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണ്. നിരവധി അപേക്ഷകൾ വന്നതിന്റെ പശ്ചാത്തലത്തിൽ പുനഃപരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എട്ട് വർഷവും പത്ത് വർഷവും ജോലി ചെയ്തിട്ട് പിരിച്ചുവിടുക എന്നത് അനീതിയാണ്. വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കൺവീനറായി കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ആധാറിന് പകരം, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് കൂടി പരിഗണിക്കാം എന്നതാണ് നിർദേശിക്കുന്നതെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി.
