ആൾക്കൂട്ടക്കൊല: പ്രതികൾ നാലു പേർ ബി.ജെ.പി അനുഭാവികൾ

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തിസ്ഗഢ് സ്വദേശി രാംനാരായണിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായവർ നിരവധി കേസുകളിലെ പ്രതികൾ. ഒന്ന്, മൂന്ന് പ്രതികളായ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടി.യു തൊഴിലാളിയായ സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈകോടതിയിൽ നടക്കുകയാണ്. ഒന്നാം പ്രതി അനുവിനെതിരെ വാളയാർ, കസബ സ്റ്റേഷനുകളിലായി 15 അടിപിടിക്കേസുകളുണ്ട്. രണ്ടാം പ്രതി പ്രസാദിനെതിരെ വാളയാറിൽ രണ്ടു കേസുകളും മൂന്നാം പ്രതി മുരളിക്കെതിരെ രണ്ടു കേസുകളുമുണ്ട്. നാലാം പ്രതി ആനന്ദനെതിരെ ഒരു കേസും അഞ്ചാം പ്രതി വിപിനെതിരെ മൂന്നു കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാർ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആൾക്കൂട്ടക്കൊലപാതകമെന്ന നിലയിലാണ് കേസ് പരിഗണിക്കുന്നതെന്നും പ്രതികളുടെ രാഷ്ട്രീയം വേർതിരിച്ച് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് അധികൃതർ പറഞ്ഞു. പിടികൂടിയവരിൽ നാലുപേർ ബി.ജെ.പി അനുഭാവികളാണ്. അന്വേഷണം ക്രൈംബ്രാഞ്ചിന് പാലക്കാട്: ആൾക്കൂട്ട മർദനത്തിനിരയായി ഛത്തിസ്ഗഢ് സ്വദേശി രാംനാരായൺ ഭയ്യാർ (31) കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ സംഘമായിരിക്കും അന്വേഷിക്കുക. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്. സംഭവ സമയത്ത് ചിത്രീകരിച്ച വിഡിയോ വിശദമായി പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കും പാലക്കാട്: വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശം. ബന്ധുക്കൾക്ക് ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പാലക്കാട് ജില്ല കലക്ടർക്ക് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button