വ്യാജ അക്കൗണ്ട് വഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, പിന്നില്‍ 20 വയസുള്ള പെണ്‍കുട്ടി, നിയമനടപടി സ്വീകരിക്കും: അനുപമ പരമേശ്വരന്‍

വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതായി നടി അനുപമ പരമേശ്വരന്‍. കേരളത്തിലെ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയതോടെ തമിഴ്‌നാട്ടുകാരിയായ 20 വയസുള്ള പെണ്‍കുട്ടിയാണ് ഇത് ചെയ്തതെന്ന് തിരിച്ചറിഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇവരുടെ ഉദ്ദേശം. പ്രായം കണക്കിലെടുത്ത്, പെണ്‍കുട്ടിയുടെ ഭാവിയെയോ മനസമാധാനത്തെയോ തകര്‍ക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട്, താന്‍ അവരുടെ വ്യക്തിവിവരം വെളിപ്പെടുത്തുന്നില്ല. നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് നടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
അനുപമ പരമേശ്വരന്റെ പ്രസ്താവന:
കുറച്ച് ദിവസം മുമ്പ് എന്റെയും എന്റെ കുടുംബത്തെയും കുറിച്ച് അങ്ങേയറ്റം അനുചിതവും വ്യാജവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും അതില്‍ ടാഗ് ചെയ്തിരുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആ പോസ്റ്റുകളില്‍ ഉണ്ടായിരുന്നു. ഓണ്‍ലൈനില്‍ ഇത്തരമൊരു ലക്ഷ്യം വെച്ചുള്ള ഉപദ്രവം കാണുന്നത് വളരെ വിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു.

തുടരന്വേഷണത്തില്‍, എന്നെ സംബന്ധിച്ച എല്ലാ പോസ്റ്റുകളിലും ദുരുദ്ദേശ്യപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തും കമന്റ് ചെയ്തും വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ഒരേ വ്യക്തി തന്നെ ഒന്നിലധികം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയതായി തെളിഞ്ഞു. ഇതറിഞ്ഞയുടന്‍ ഞാന്‍ കേരളത്തിലെ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കി. അവരുടെ പ്രതികരണം വേഗത്തിലും കാര്യക്ഷമവുമായിരുന്നു. അവരുടെ സഹായത്തോടെ ഈ പ്രവൃത്തികള്‍ക്ക് പിന്നിലുള്ള വ്യക്തിയെ തിരിച്ചറിയാനും കഴിഞ്ഞു.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. അവളുടെ ചെറിയ പ്രായം കണക്കിലെടുത്ത്, അവളുടെ ഭാവിയെയോ മനസമാധാനത്തെയോ തകര്‍ക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട്, ഞാന്‍ അവളുടെ വ്യക്തിവിവരം വെളിപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. എങ്കിലും, ഒരു കാര്യം വ്യക്തമാക്കാനാണ് ഞാന്‍ ഈ സംഭവം പങ്കുവെക്കുന്നത് – ഒരു സ്മാര്‍ട്ട്ഫോണ്‍ കൈവശം വെക്കുന്നതോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നതോ മറ്റുള്ളവരെ ഉപദ്രവിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ അവര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനോ ആര്‍ക്കും അവകാശം നല്‍കുന്നില്ല.

ഓണ്‍ലൈനിലെ ഓരോ പ്രവൃത്തിക്കും അതിന്റേതായ തെളിവുകള്‍ അവശേഷിക്കും, അതിന് ഉത്തരം പറയേണ്ടിയും വരും. ഞങ്ങള്‍ നിയമനടപടികളുമായി മുന്നോട്ട് പോയിട്ടുണ്ട്, ആ വ്യക്തി അവരുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ഒരു നടിയോ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോ ആയതുകൊണ്ട് അടിസ്ഥാനപരമായ അവകാശങ്ങള്‍ ഇല്ലാതാകുന്നില്ല. സൈബര്‍ ബുള്ളിയിംഗ് ശിക്ഷാര്‍ഹമായ ഒരു കുറ്റമാണ്. അതിന് ഉത്തരം പറയേണ്ടി വരും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button