ഉത്തർപ്രദേശിൽ പള്ളി ഇമാമിന്റെ ഭാര്യയെയും രണ്ടു പെൺമക്കളെയും വെട്ടിക്കൊന്നു
ബഗ്പത്: ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിൽ പള്ളി ഇമാമിന്റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ടു പെൺമക്കളെയും ക്രൂരമായി വെട്ടിക്കൊന്നു. ഗംഗനൗലി ഗ്രാമത്തിലെ പള്ളി അങ്കണത്തിലാണ് അരുംകൊല നടന്നത്. ഇമാം ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇർസാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിലും ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. പള്ളിക്ക് മുകളിലെ ഇവരുടെ താമസ സ്ഥലത്താണ് കൊലപാതകം നടന്നത്. ഭാരമേറിയ വസ്തു ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് കരുതുന്നു. ഇബ്രാഹിം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.ഇസ്രാന പ്രദേശത്തെ കുട്ടികൾക്ക് ട്യൂഷനെടുക്കുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് ട്യൂഷനെത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. പിന്നാലെ നാട്ടുകാരെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മീറത്ത് ഡെപ്യൂട്ടി ഐ.ജി കാലാനിധി നയ്ഥാനി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലെത്തിത്തിയിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി
പ്രതികളെ ഉടൻ പിടികൂടണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മുസഫർനഗർ സ്വദേശിയായ ഇബ്രാഹീം മൂന്ന് വർഷമായി ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിൽ സേവനം ചെയ്തുവരികയായിരുന്നു. അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനാണ് ഇമാം ദയൂബന്ദിലേക്ക് പോയത്.
