ലോറി ഡ്രൈവർമാർക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നടത്താനൊരുങ്ങി മോട്ടോർവാഹനവകുപ്പ്
ദേശീയപാതാനിർമാണം പൂർത്തിയാകുന്നതിനു മുന്നോടിയായി ലോറി ഡ്രൈവർമാർക്ക് ലൈൻ ട്രാഫിക്കിൽ പരിശീലനം നൽകാൻ മോട്ടോർവാഹനവകുപ്പ് ഒരുങ്ങുന്നു. വകുപ്പിന്റെ ഡ്രൈവർ പരിശീലനകേന്ദ്രങ്ങളിൽ ലോറി ഡ്രൈവർമാർക്കായി പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കും. കണ്ടെയ്‌നർ ഡ്രൈവർമാർക്കാകും മുൻഗണന നൽകുക.
ദേശീയപാതാനിർമാണം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തുനിന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കണ്ടെയ്‌നർ ഗതാഗതം വർധിക്കും. വലിയ വാഹനങ്ങൾ കുറഞ്ഞ വേഗത്തിൽ സ്പീഡ് ട്രാക്കിൽ പോകുന്നതും സിഗ്നൽ നൽകാതെ ലൈൻ മാറ്റുന്നതും അപകടത്തിനിടയാക്കും.
പുതിയ തലമുറ ആറുവരി ദേശീയപാതകളിലെ അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ലൈൻ ട്രാഫിക്കിലെ പിഴവാണ്. പാർക്കിങ്ങിലും സുരക്ഷാനിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
നിലവിലെ ഡ്രൈവർമാർക്ക് ഇത്തരം സങ്കേതങ്ങളിൽ പരിചയക്കുറവുണ്ടെന്നാണ് നിഗമനം. പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളും, രാസമിശ്രിതങ്ങളും കൊണ്ടുപോകുന്ന ഡ്രൈവർമാർക്ക് സുരക്ഷാകോഴ്‌സ് നിർബന്ധമാണെങ്കിലും കണ്ടെയ്‌നർ ഡ്രൈവർമാർക്ക് പരിശീലന സംവിധാനങ്ങളൊന്നുമില്ല.
ഇതിനു പുറമേ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രഥമശുശ്രൂഷയിൽ പരിശീലനം നൽകാനും പദ്ധതിയുണ്ട്. 6000 ആംബുലൻസുകളാണ് സംസ്ഥാനത്തുള്ളത്. ആശുപത്രികളും സന്നദ്ധസംഘടനകളും അവരുടെ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്വകാര്യആംബുലൻസുകളിലെ ഡ്രൈവർമാർക്കും പരിശീലനമില്ലെന്നാണ് കണ്ടെത്തൽ. അപകടത്തിൽപ്പെട്ടവരെ വാഹനങ്ങളിലേക്ക് കയറ്റുന്നതിലും വൈദഗ്ധ്യം ആവശ്യമുണ്ട്. ഇത്തരം കാര്യങ്ങളിലാകും പരിശീലനം നൽകുക.
ആംബുലൻസ് അപകടങ്ങൾ സംസ്ഥാനത്ത് വർധിച്ച പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് സുരക്ഷിത ഡ്രൈവിങ്ങിൽ പരിശീലനം നൽകുന്നതും പരിഗണനയിലുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾക്ക് വേഗപരിധി ബാധകമല്ലെങ്കിലും അപകടകരമായ ഡ്രൈവിങ് ഒഴിവാക്കേണ്ടതുണ്ട്. എടപ്പാൾ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 14 ജില്ലാ ഉപകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇവയിലാകും പരിശീലനം നൽകുക.
