‘
ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ തങ്ങളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സര ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗവുമായ മൊഹ്സിൻ നഖ്വിയുടെ കൈയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതോടെ ട്രോഫിയുമായി മൊഹ്സിൻ നഖ്വി പോകുകയും ചെയ്തിരുന്നു.
പിന്നാലെ ഏഷ്യാ കപ്പ് കിരീടം നൽകാൻ ബിസിസിഐ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യൻ കളിക്കാരിൽ ആരെയെങ്കിലും അയക്കാനായിരുന്നു നഖ്‌വി പറഞ്ഞത്. എന്നാൽ അതിനു തയ്യാറാകാത്തത് കൊണ്ട് ഇപ്പോൾ നാടകീയമായ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുന്നത്.
പാകിസ്ഥാൻ സർക്കാരിലെ മന്ത്രി കൂടിയായ നഖ്വി ഏഷ്യാകപ്പ് ട്രോഫി അബുദബിയിലേക്കാണ് മാറ്റിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ബിസിസിഐ പ്രതിനിധികൾ ദുബൈയിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലെത്തിയിരുന്നു. എന്നാൽ ട്രോഫി അവിടെയില്ലെന്ന വിവരമാണ് ലഭിച്ചത്.


