കേരളത്തിൽ കണ്ണുവെച്ച് എൻ.ഡി.എ പ്രചാരണ തുടക്കം; ഇരുമുന്നണികളെയും കടന്നാക്രമിച്ച് മോദി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയും എൻ.ഡി.എയും എത്രമാത്രം പ്രതീക്ഷ വെക്കുന്നുവെന്ന് വിളിച്ചോതുന്നതായിരുന്നു ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നേതൃത്വം നൽകിയ റോഡ് ഷോയും എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലി സമ്മേളനവും. ഇരുമുന്നണികളെയും കടന്നാക്രമിച്ച് പ്രസംഗിച്ച അദ്ദേഹം, കേരളത്തിൽ എൻ.ഡി.എ അധികാരത്തിൽ വരുമെന്ന ‘മോദിയുടെ ഗാരന്‍റി’ മുന്നോട്ടുവെച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.തദ്ദേശ തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ നേടിയ വിജയവും ട്വന്‍റി ട്വന്‍റിയുടെ പുതിയ കൂട്ടും നൽകിയ ആത്മവിശ്വാസത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷ നിറഞ്ഞതായിരുന്നു മോദിയുടെ വാക്കുകൾ. അഞ്ചിടങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻ.ഡി.എ ദേശീയതല പ്രചാരണത്തിന് തുടക്കമിടാൻ കേരളം തെരഞ്ഞെടുത്തതും വ്യക്തമായ അജണ്ടയോടെയാണ്. എന്നാൽ, വോട്ടിൽ കണ്ണുവെച്ചുള്ള പദ്ധതിപ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായില്ല. ഇതിനുപിന്നിലും പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. എൻ.ഡി.എ കേരളത്തിൽ അധികാരത്തിൽ വരുമെന്ന് മോദി പ്രസംഗത്തിൽ ആവർത്തിച്ചു. ‘ജയ് വികസിത കേരളം’ എന്ന് മലയാളത്തിൽ മുദ്രാവാക്യം മുഴക്കി തുടങ്ങിയ പ്രസംഗത്തിൽ ‘കേരള’യെ ‘കേരളം’ ആക്കിയത് കേന്ദ്രസർക്കാരിന്‍റെ ഐതിഹാസിക തീരുമാനവും കേരളത്തിനുള്ള അംഗീകാരവുമായാണ് മോദി വിശേഷിപ്പിച്ചത്. സോളാർ അഴിമതിയും മാസപ്പടി കേസും ശബരിമല സ്വർണക്കൊള്ളയും യു.ഡി.എഫ്-ജമാഅത്തെ ഇസ്ലാമി ബന്ധവും എൽ.ഡി.എഫ്-പി.ഡി.പി ബന്ധവും കോൺഗ്രസ്-മുസ്ലിം ലീഗ് കൂട്ടുകെട്ടുമെല്ലാം മോദി പരാമർശിച്ചത് ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടെന്ന് വ്യക്തം. കേരളത്തിൽ അമിത പ്രതീക്ഷ പുലർത്തുന്ന രീതിയിലാണ് പരിപാടിയിൽ പങ്കെടുത്ത മറ്റു നേതാക്കളും പ്രസംഗിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button