ഗൾഫിലെ പുതിയ താമസ നിയമം: സൂക്ഷിച്ചാൽ ദുഖിക്കേണ്ട!; പ്രവാസികളെ നാടുകടത്താവുന്ന സന്ദർഭങ്ങൾ വ്യക്തമാക്കി അധികൃതർ
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ താമസനിയമം ആർട്ടിക്കിൾ 38 അനുസരിച്ച് റെസിഡൻസി പെർമിറ്റുള്ള പ്രവാസികളെയും നിയമപരമായി നാടുകടത്താൻ സാധിക്കുന്ന സാഹചര്യങ്ങൾ വ്യക്തമാക്കി അധികൃതർ. കുവൈത്തിൽ നിയമപരമായ വരുമാന സ്രോതസ്സ് ഇല്ലാത്തവരെ നാടുകടത്താം. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ രേഖപ്പെടുത്തിയ സ്പോൺസറല്ലാത്ത മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്താൽ നിയമലംഘനമായി കണക്കാക്കും. അധികൃതരുടെ അനുമതി കൂടാതെ ജോലി ചെയ്യുന്നതും ഇതിന്റെ പരിധിയിൽ വരും. പൊതുതാൽപര്യം, പൊതുസുരക്ഷ, പൊതു ധാർമികത എന്നിവക്ക് ഭീഷണിയാകുമ്പോൾ ആവശ്യമാണെന്ന് തോന്നുന്നപക്ഷം ആഭ്യന്തര മന്ത്രിക്ക് നേരിട്ട് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കും. പുതിയ നിയമചട്ടങ്ങൾ ശ്രദ്ധിച്ച് കുവൈത്തിലെ താമസ-തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പ്രവാസികൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.





