ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനിമുതല്‍ കഫ് സിറപ്പില്ല; കര്‍ശന നിയന്ത്രണവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനിമുതല്‍ കഫ് സിറപ്പില്ല; കര്‍ശന നിയന്ത്രണവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കാന്‍ അനുമതിയില്ല. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നല്‍കരുതെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഡ്രഗ്‌സ് കോണ്‍ട്രോളറുടെ സര്‍ക്കുലര്‍.

കഴിഞ്ഞ ദിവസം മധ്യപ്രദേശ് ചിന്ദ്വാര ജില്ലയിലെ ഒമ്പത് കുട്ടികളുടെ മരണത്തിനിടയാക്കിയത് വിഷാംശം കലര്‍ന്ന കോള്‍ഡ്രിഫ് എന്ന മരുന്നാണെന്ന് കണ്ടെത്തിയിരുന്നു.
പിന്നാലെ കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകള്‍ കേരളത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുന്നത്.
ഇന്നലെ (ശനി) കോള്‍ഡ്രിഫ് സിറപ്പുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളിലോ ആശുപത്രികളിലോ വില്‍ക്കരുതെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവെച്ചതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് കോള്‍ഡ്രിഫ് നിര്‍മിക്കുന്നത്. നിലവില്‍ കമ്പനിയുടെ എല്ലാ മരുന്നുകളും മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. മരിച്ച ഒമ്പത് കുട്ടികളും കോള്‍ഡ്രിഫ് സിറപ്പ് കഴിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഈ സിറപ്പുകളില്‍ രാസവസ്തുവായ ഡൈഎത്തിലീന്‍ ഗ്ലൈക്കോണ്‍ (DEG) അടങ്ങിയിട്ടുണ്ടെന്നാണ് പിന്നീട് കണ്ടെത്തിയത്. ഒക്ടോബര്‍ നാലിന് മധ്യപ്രദേശ് സര്‍ക്കാരിന് തമിഴ്‌നാട് ഡ്രഗ്സ് കണ്‍ട്രോള്‍ ഡയറക്ടര്‍ അയച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കോള്‍ഡ്രിഫ് സിറപ്പില്‍ (ബാച്ച് നമ്പര്‍ 13, 2025 മെയില്‍ നിര്‍മിച്ച് 2027 ഏപ്രിലില്‍ കാലഹരണപ്പെടുന്നത്) മായം ചേര്‍ന്നിട്ടുണ്ടെന്നും മരുന്നിന് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്.
ഇതില്‍ 48.6 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ഉണ്ടെന്നും ഇത് കഴിച്ചാല്‍ ഗുരുതരമായ വൃക്ക രോഗങ്ങള്‍ക്കും മരണത്തിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button