ടിടിഇ ഇല്ല, പരിശോധനയില്ല; ഈ ട്രെയിനിൽ കയറാൻ ടിക്കറ്റും വേണ്ട
ന്യുഡൽഹി: രാജ്യത്തിന്റെ ‘ജീവനാഡി’ എന്നാണ് നമ്മൾ ഇന്ത്യൻ റെയിൽവേയെ വിശേഷിപ്പിക്കാറുള്ളത്. രാജ്യത്തിന്റെ ഗ്രാമങ്ങളേയും പട്ടണങ്ങളേയും ബന്ധിപ്പിക്കുന്ന റെയിൽ സർവീസ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ലോക്കൽ ട്രെയിനുകൾ മുതൽ വന്ദേഭാരത് വരെ ഇന്ത്യൻ റെയിൽവേയുടെ ഭാഗമായിട്ടുണ്ട്. എന്നാൽ, ഇനി പറയാൻ പോവുന്ന ട്രെയിൻ സർവീസ് ഇന്ത്യൻ റെയിൽവേയുടെ നിയന്ത്രണത്തിലുള്ളതല്ല. തീർന്നില്ല, ഈ ട്രെയിനിൽ കയറാൻ ടിക്കറ്റും എടുക്കണ്ട. എന്തു കൊണ്ടായിരിക്കും ടിക്കറ്റ് വാങ്ങാതെ ഈ ട്രെയിൻ സർവീസ് നടത്തുന്നത്? ആരാണ് ഈ ട്രെയിൻ സർവീസ് നിയന്ത്രിക്കുന്നത് ? പഞ്ചാബിലെ നംഗൽ റെയിൽവേ സ്റ്റേഷനും ഹിമാചൽ പ്രദേശിലെ ഭക്ര അണക്കെട്ടിനും ഇടയിൽ സർവീസ് നടത്തുന്ന ‘ഭക്ര-നംഗൽ’ ട്രെയിനാണ് ഈ വ്യത്യസ്ത ട്രെയിൻ. 1948-ലാണ് ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നായ ഭക്ര-നംഗൽ അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഈ റെയിൽവേ പാത ഒരുക്കിയത്. അണക്കെട്ട് നിർമ്മാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികൾ എത്തിക്കാനും തൊഴിലാളികൾക്കും എഞ്ചിനീയർമാർക്കും യാത്ര ചെയ്യാനുമാണ് ഈ ട്രെയിൻ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 13 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത അന്നത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചു. ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡ് (ബിബിഎംബി) ആണ് ഈ ട്രെയിൻ നിയന്ത്രിക്കുന്നതും ഇതിന് വേണ്ടി പണം ചിലവഴിക്കുന്നതും. ദിവസവും രാവിലെ 7:05-ന് നംഗലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8:20-ന് ഭക്രയിലെത്തും. മടക്കയാത്ര വൈകുന്നേരം 3:05-ന് നംഗലിൽ നിന്ന് ആരംഭിച്ച് 4:20-ന് ഭക്രയിൽ അവസാനിക്കും. ഡീസൽ എൻജിനുകളും തടിയിൽ നിർമ്മിച്ച പുരാതന കോച്ചുകളുമാണ് ഇപ്പോഴും ഈ ട്രെയിനിൽ ഉപയോഗിക്കുന്നത്.അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും പ്രദേശവാസികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ സർവീസ് നിർത്തലാക്കാൻ ബിബിഎംബി തയ്യാറായില്ല. ടൂറിസം പ്രോത്സാഹിപ്പിക്കുക, പ്രദേശത്തെ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഗതാഗത സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം ഇന്നും തുടരുന്നത്. സാമ്പത്തിക ലാഭത്തേക്കാൾ ഉപരിയായി രാജ്യത്തിന്റെ ചരിത്ര പൈതൃകം കാത്തുസൂക്ഷിക്കുക എന്നതാണ് മാനേജ്‌മെന്റിന്റെ നിലപാട്. സത്‌ലജ് നദിയുടെ തീരത്തുകൂടിയുള്ള ഈ 13 കിലോമീറ്റർ യാത്ര വെറുമൊരു യാത്രയല്ല, മറിച്ച് ഇന്ത്യയുടെ നിർമ്മാണ ചരിത്രത്തിലേക്കുള്ള ഒരു മടക്കിപ്പോക്ക് കൂടിയാണ്.





