വഞ്ചകരുടെ വോട്ട് വേണ്ട’; ബിഹാറിൽ മുസ്‌ലിംകൾക്കെതിരെ കേന്ദ്രമന്ത്രിയുടെ വിദ്വേഷ പരാമർശം

പട്‌ന: ബിഹാറിൽ പൊതുറാലിയിൽ മുസ്‌ലിംകൾക്കെതിരെ കേന്ദ്രമന്ത്രിയുടെ വിദ്വേഷപരാമർശം. ആർവാളിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങ് വിദ്വേഷപരാമർശം നടത്തിയത്. എല്ലാ കേന്ദ്രപദ്ധതികളുടെയും ആനുകൂല്യങ്ങൾ മുസ്‌ലിംകൾ സ്വീകരിക്കുന്നു. പക്ഷേ നമുക്ക് വോട്ട് ചെയ്യുന്നില്ല. അത്തരക്കാർ വഞ്ചകരാണ്. അവരുടെ വോട്ട് വേണ്ട. അവർ അഞ്ചുകിലോ റേഷൻ വാങ്ങുന്നില്ലേ? ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും പ്രധാനമന്ത്രി ആവാസ് ലഭിച്ചില്ലേ? എന്നിട്ടും മുസ്‌ലിം സമുദായം ബിജെപിക്ക് വോട്ട് ചെയ്യുന്നില്ലെന്നും ഗിരിരാജ് സിങ് ആരോപിച്ചു.”നിങ്ങൾക്ക് ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ് ഉണ്ടോയെന്ന് ഞാൻ ഒരു മൗലവിയോട് ചോദിച്ചു. ഉണ്ടെന്ന് അയാൾ പറഞ്ഞു. എനിക്ക് വോട്ട് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. വഞ്ചകരുടെ വോട്ട് എനിക്ക് വേണ്ടെന്ന് മൗലവിയോട് പറഞ്ഞു”- ഇതായിരുന്നു ഗിരിരാജ് സിങ്ങിന്റെ വാക്കുകൾ.നേരത്തെയും നിരവധി മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമർശങ്ങൾ നടത്തിയ നേതാവാണ് ഗിരിരാജ് സിങ്. വിഭജനത്തിന് ശേഷം മുസ്‌ലിംകളെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിച്ചത് തെറ്റായിപ്പോയെന്നും അത് രാജ്യത്തിന്റെ ദൗർഭാഗ്യമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി. ”ഏത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വന്നാലും ബിജെപി നേതാക്കൾ ഹിന്ദു- മുസ്‌ലിം കാർഡിറക്കും. അതിനപ്പുറം അവർ ചിന്തിക്കാറില്ല. ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ പാകിസ്താനിലേക്കയക്കുമെന്ന് പറഞ്ഞതും ഇതേ നേതാവാണ്. 11 വർഷമായി ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത്. ആരെയെങ്കിലും അവർ പാകിസ്താനിലേക്ക് അയച്ചോ?”- ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി ചോദിച്ചു.ആദ്യം ബിജെപി നേതാവ് ആത്മപരിശോധന നടത്തി സ്വാതന്ത്ര്യസമരക്കാലത്ത് ആരായിരുന്നു രാജ്യദ്രോഹികളെന്ന് തിരിച്ചറിയണമെന്ന് പപ്പു യാദവ് പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കൾ ആരാണെന്ന് തിരിച്ചറിയണം. ബ്രിട്ടീഷുകാരെ സേവിക്കുകയും അവരുടെ ഭരണം നിലനിർത്താൻ പ്രവർത്തിക്കുകയും ചെയ്തവരാണ് രാജ്യദ്രോഹികളെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button