ഒന്നല്ല രണ്ട് റെക്കോർഡുകൾ; ടി20 ലോകകപ്പിലെ ട്രിപ്പിൾ ഡക്കിലൂടെ അഭിഷേകിന്റെ പേരിലായത് നാണക്കേടിന്റെ റെക്കോർഡുകൾ
അഹമ്മദാബാദ്: ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമയുടെ ലോകകപ്പിലെ ട്രിപ്പിൾ ഡക്കിലൂടെ താരത്തിന്റെ പേരിലായത് നാണക്കേടിന്റെ രണ്ട് റെക്കോർഡുകളാണ്. കലണ്ടർ വർഷത്തിൽ ഇന്ത്യൻ ജേഴ്‌സിയിൽ കൂടുതൽ ഡക്കുകളെന്ന റെക്കോർഡും ടി20 ലോകകപ്പിൽ ഇന്ത്യക്കായി തുടർച്ചയായ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഡക്കുകൾ എന്ന റെക്കോർഡും ഇനിമുതൽ അഭിഷേകിന്റെ പേരിനൊപ്പമുണ്ടാകും.2026 കലണ്ടർ വർഷത്തിൽ അഞ്ച് ഡക്കുകളാണ് ഇതുവരെ താരത്തിന്റെ പേരിലുള്ളത്. എന്നാൽ ഈ റെക്കോർഡിൽ അഭിഷേക് ഒറ്റക്കല്ല സഞ്ജു സാംസണും ഒപ്പമുണ്ട്. 2024 കലണ്ടർ വർഷത്തിലാണ് സഞ്ജു സാംസൺ അഞ്ച് തവണ റണ്ണൊന്നും നേടാതെ പുറത്തായത്. ടി20 ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ കളിച്ച അഭിഷേകിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ആദ്യ മത്സരത്തിൽ യുഎസ്എക്കെതിരെ ഗോൾഡൻ ഡക്ക് ആയിരുന്നെങ്കിൽ പാകിസ്താനെതിരെ നാലും നെതർലൻഡ്സിനെതിരെ മൂന്നും പന്തുകൾ നേരിട്ട ശേഷമാണ് അഭിഷേക് പുറത്തായത്. നമീബിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ അഭിഷേക് കളത്തിലിറങ്ങിയതുമില്ല. ലോകകപ്പിന് മുന്നോടയായി നടന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ രണ്ടും നാലും മത്സരങ്ങൾ അഭിഷേക് റണ്ണൊന്നും നേടാനാകാതെ പുറത്ത് പോയിരുന്നു.ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ റണ്ണൊന്നും നേടാതെ പുറത്തായപ്പോൾ മുൻ ഇന്ത്യൻ പേസർ ആശിശ് നെഹ്റയുടെ പേരിലുള്ള റെക്കോർഡിനൊപ്പമാണ് അഭിഷേക് എത്തിയത്. 2010 ടി20 ലോകകപ്പിൽ വിന്ഡീസിനും ആസ്ട്രേലിയക്കെതിരെയുമാണ് തുടർച്ചയായ മത്സരങ്ങളിൽ നെഹ്റ ഡക്ക് ആയി മടങ്ങിയത്. പിന്നീട് നെഹ്റക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് 2016 ലോകകപ്പിലായിരുന്നു. അന്നും ന്യൂസിലൻഡിനെതിരായ മത്സരത്തിൽ വീണ്ടും ഡക്കായതോടെയാണ് ആ നാണക്കേടിന്റെ റെക്കോർഡ് താരത്തിന്റെ പേരിലായത്. ഇപ്പോഴിതാ അഭിഷേക് ശർമയും റെക്കോർഡിനൊപ്പമെത്തിയിരിക്കുന്നു.ഫെബ്രുവരി 22ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ സൂപ്പർ ഏട്ടിലെ ആദ്യ മത്സരം. അഭിഷേക് ശർമയുടെ മോശം ഫോമിനെ തുടർന്ന് സഞ്ജു സാംസണ് വീണ്ടും അവസരം ലഭിക്കുമോ എന്നതാണ് കേരളത്തിലെ ആരാധകരുടെ ആശങ്ക.





