നഴ്സുമാരുടെ സമരം രോഗികളുടെ ചികിത്സയെ ബാധിക്കുന്നു, അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കണം; ആവശ്യവുമായി ഡോക്ടർമാർ

കോഴിക്കോട്: നഴ്‌സുമാരുടെ സമരം സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ ചികിത്സയെ ബാധിക്കുന്ന തരത്തിലേക്ക് മാറിയതായി ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗത്തില്‍ വരുന്ന രോഗികളെ പോലും തിരിച്ചയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഐസിയുവിലുള്ള രോഗികളുടെ പരിപാലനമടക്കം പ്രതിസന്ധിയിലാണെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. മിനിമം വേതനം 40,000 ആയി ഉയര്‍ത്തിയാല്‍ രോഗികളുടെ ആശുപത്രി ചിലവ് വന്‍തോതില്‍ ഉയര്‍ത്തേണ്ടി വരുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം അനിശ്ചിതകാലത്തേക്ക് നീങ്ങിയതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയ അവസ്ഥയിലാണുള്ളത്. അത്യാഹിത വിഭാഗം, ഐസിയു ഉള്‍പ്പെടെ സമരത്തില്‍ നിന്ന് ഒഴിവാകുന്ന പതിവ് രീതി മാറിയതോടെ രോഗികളുടെ പരിചരണം കടുത്ത പ്രതിസന്ധിയിലാണുള്ളത്. ഐസിയുവിലും വെന്റിലേറ്ററിലുമുള്ള രോഗികളെ മാറ്റാന്‍ നിര്‍ബന്ധിതരായതോടെ അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. ചാരിറ്റി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കടക്കം മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണുള്ളതെന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം, സമരത്തിലുള്ള നഴ്‌സുമാര്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്‍പില്‍ ഇന്നും പ്രതിഷേധം സംഘടിപ്പിച്ചു. നഴ്‌സുമാരുടെ സമരം തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം ആശുപത്രികളുടെ സമരം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രി പരിസരങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. നഴ്‌സുമാരുടെ സമരം ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്താതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button