പള്ളിപ്പെരുന്നാളിനായി കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു
എറണാകുളം: മൂവാറ്റുപുഴയിൽ കതിന നിറക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ചു. മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിപ്പെരുന്നാളിൽ കതിന നിറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കടാതി സ്വദേശി രവിയാണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം. മരിച്ച രവിയും ജെയിംസുമാണ് കതിന നിറച്ചിരുന്നത്. കൂടെ ഉണ്ടായിരുന്ന ജെയിംസിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകട കാരണം അന്വേഷിച്ച് വരികയാണ് മരിച്ച രവിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പള്ളി കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകളുടെ ചിലവും പള്ളി ഏറ്റെടുത്തിട്ടുണ്ട്. ജെയിംസിന്റെ ചികിത്സക്കുള്ള സാമ്പത്തിക സഹായവും പള്ളി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അപകടത്തിന്റെ പശ്ചാത്തലത്തിൽ പള്ളിപ്പെരുന്നാളിന്റെ ആഘോഷ ചടങ്ങുകളും വെട്ടിക്കുറച്ചിട്ടുണ്ട്.





