ഓൺലൈൻ തൊഴിൽ തട്ടിപ്പ്: 38 ലക്ഷം തട്ടിയ പ്രതി പിടിയിൽ
കോഴിക്കോട്: ഓൺലൈൻ ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് 38 ലക്ഷത്തിലധികം രൂപ തട്ടിയ കേസില്‍ പ്രതി പിടിയിൽ. സൈബര്‍ തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളായ ആലപ്പുഴ കീരിക്കാട് സ്വദേശി എസ്. മുഹ്സിന് (28) ആണ് സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. സ്വകാര്യ സ്ഥാപനം നടത്തുന്ന പരാതിക്കാരന് കഴിഞ്ഞ ജൂലൈ മാസം ഓൺലൈൻ ജോലിയിലൂടെ പ്രതിദിന വരുമാനം ലഭിക്കുമെന്ന് കാണിച്ച് വാട്സ്ആപ് സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന്, പ്രതികള്‍ ബന്ധപ്പെട്ട് ലളിതമായ ഓൺലൈൻ ടാസ്കുകൾ നൽകുകയും ചെറിയ തുക ലാഭമായി അയച്ച് വിശ്വാസം നേടുകയും ചെയ്തു. പിന്നീട്, കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് വലിയ തുകകൾ നിക്ഷേപിക്കാനാവശ്യപ്പെട്ടു. ‘ലെവൽ ടാസ്കുകൾ’ എന്ന പേരിൽ നിക്ഷേപങ്ങൾ വിവിധ ഘട്ടങ്ങളിലായി നടത്താനാവശ്യപ്പെടുകയും വെബ്സൈറ്റിലെ അക്കൗണ്ടിൽ ലാഭം അടങ്ങിയ തുക കാണിച്ച് കൂടുതൽ പണം അയക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു. ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് പ്രതികൾ ബന്ധം നിലനിർത്തിയത്. 38,12,882 രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തത്. പരാതിക്കാരനില്‍ നിന്ന് നഷ്ടപ്പെട്ട പണം ക്രെഡിറ്റ് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയിലേക്കെത്തിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പതിനഞ്ചോളം സൈബര്‍ കേസുകൾ നിലവിലുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ കെ.കെ. ആഗേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ അസീസ്, ടി. നൗഷാദ്, എ.എസ്.ഐ ടി. ബിജു, എസ്.സി.പി.ഒ ജാനേഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
