പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം
ന്യൂഡൽഹി: 114 പുതിയ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്ന പ്രതിരോധ കരാറിന് അംഗീകാരം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ കൗൺസിലാണ് 3.25 ലക്ഷം കോടി രൂപയുടെ കരാറിന് അംഗീകാരം നൽകിയത്. ഇതിൽ 2.5 ലക്ഷം കോടി യുദ്ധ വിമാനങ്ങൾക്ക് മാത്രമായി നീക്കിവച്ചിട്ടുണ്ട്, ബാക്കി ആയുധങ്ങൾ, സ്പെയറുകൾ, തുടങ്ങി അനുബന്ധകാര്യങ്ങൾക്കാണ് വകയിരുത്തിയത്.ഏകദേശം 28,000 കോടി ചെലവ് വരുന്ന 6 പി-8I മാരിടൈം പട്രോൾ എയർക്രാഫ്റ്റുകൾ കൂടി വാങ്ങുന്നതിനും അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വേധശേഷിയും സമുദ്ര നിരീക്ഷണശേഷിയും വർദ്ധിപ്പിക്കുന്നതിന് ഈ വിമാനങ്ങൾ നിർണായകമാണ്. ഈ മാസം അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിക്കുണ്ട്. സന്ദർശനവേളയിൽ കരാർ നടപടികൾ മുന്നോട്ട് പോകുമെന്നാണ് സൂചന.പദ്ധതി അനുസരിച്ച്, 18 യുദ്ധ വിമാനങ്ങൾ ഫ്രാൻസിൽ നിന്നും കൊണ്ടുവരും. ബാക്കിയുള്ള 96 എണ്ണം ഇന്ത്യയിലായിരിക്കും നിർമിക്കുക. മേക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ 80 ശതമാനവും തദ്ദേശീയമായി നിർമിച്ച ഘടകങ്ങളാണ് വിമാനങ്ങളിൽ ഉപയോഗിക്കുക.ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസോൾട്ട് ഏവിയേഷനാണ് റാഫേൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നത്. നിലവിൽ 36 റാഫേൽ വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ളത്. 2020 ജൂലൈയിലാണ് ആദ്യ സെറ്റ് വിമാനങ്ങൾ ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഹരിയാനയിലെ അംബാല ആസ്ഥാനമായുള്ള 17-ാം നമ്പർ ‘ഗോൾഡൻ ആരോസ്’, പശ്ചിമ ബംഗാളിലെ ഹസിമാര ആസ്ഥാനമായി പ്രവർത്തിക്കുന്ന നമ്പർ 101 ‘ഫാൽക്കൺസ്’ എന്നിവയുടെ ഭാഗമായാണ് ഇവ വ്യന്യസിച്ചിരിക്കുന്നത്.





