പലാശിനെ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കയിൽനിന്ന് കൈയോടെ പിടികൂടി…’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മൃതി മന്ദാനയുടെ ബാല്യകാല സുഹൃത്ത്
‘
മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരത്തിന്‍റെ ബാല്യകാല സുഹൃത്തും നടനും നിർമാതാവുമായ വിദ്യാൻ മാനെ. പലാശിന്‍റെ കുടുംബം മുഴുവൻ തട്ടിപ്പുകാരാണെന്നും പലാശിനെ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കയിൽനിന്ന് കൈയോടെ പിടികൂടിയതാണ് വിവാഹം റദ്ദാക്കുന്നതിന് കാരണമായതെന്നും വിദ്യാൻ പറയുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് പലാശിനെതിരെ വിദ്യാൻ മഹാരാഷ്ട്ര സാംഗ്ലി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. കഴിഞ്ഞവർഷം നവംബർ 23നായിരുന്നു പലാശിന്‍റെയും സ്മൃതിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സ്മൃതിയുടെ പിതാവിനെ ആരോഗ്യ കാരണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും വിവാഹം മാറ്റിവെക്കുന്നതും. പിന്നാലെ പലവിധ അഭ്യൂഹങ്ങളും പുറത്തുവന്നു. ഒടുവിൽ കുടുംബങ്ങൾ തന്നെ വിവാഹം റദ്ദാക്കിയെന്ന വാർത്ത സ്ഥിരീകരിച്ച് രംഗത്തുവരികയായിരുന്നു. വിവാഹ ചടങ്ങുകൾക്കിടെയുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവമാണ് സ്മൃതിയും പലാശും തമ്മിലുള്ള വിവാഹം റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് 34കാരനായ വിദ്യാൻ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘പലാശ് മറ്റൊരു സ്ത്രീക്കൊപ്പം കിടക്കയിൽനിന്ന് കൈയോടെ പിടിക്കപ്പെടുമ്പോൾ അന്ന് ഞാനും (2025 നവംബർ 23) ആ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. പലാശിനെ സ്മൃതിയുടെ സഹതാരങ്ങളായ കൂട്ടുകാർ പൊതിരെ തല്ലി. കുടുംബം മുഴുവൻ തട്ടിപ്പുകാരാണ്. സ്മൃതിയെ വിവാഹം കഴിച്ച് അവൻ സാംഗ്ലിയിൽ സ്ഥിരതാമസമാക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, അതുണ്ടായില്ല’ -വിദ്യാൻ പറഞ്ഞു. സ്മൃതിയുടെ ബാല്യകാല സുഹൃത്തായ തനിക്ക് താരത്തിന്‍റെ പിതാവാണ് പലാശിനെ പരിചയപ്പെടുത്തി തന്നത്. പലാശിന്‍റെ കുടുംബത്തിനെതിരെയും ഗുതരമായ ആരോപണങ്ങളാണ് വിദ്യാൻ ഉന്നയിച്ചത്. കഴിഞ്ഞ മാസം പലാശിന്‍റെ മാതാവ് അമിത മുച്ഛലിനെ നേരില്‍ കണ്ടിരുന്നു. സിനിമ റിലീസ് ചെയ്യണമെങ്കില്‍ ഒന്നരക്കോടി രൂപ കൂടി വേണമെന്ന് പറഞ്ഞു. പത്ത് ലക്ഷം കൂടി നല്‍കിയില്ലെങ്കില്‍ പണം തിരികെ നല്‍കില്ലെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പണം നല്‍കിയില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും വിദ്യാൻ കൂട്ടിച്ചേർത്തു. വിവാഹം റദ്ദാക്കിയതിനു പിന്നാലെ കുടുംബത്തെ ബന്ധപ്പെടാനുള്ള മാർഗങ്ങളെല്ലാം അടച്ചു. സിനിമയിലെ മറ്റു ആർട്ടിസ്റ്റുകൾക്കൊന്നും വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്ന് അറിയാനായി. എല്ലാ തെളിവുകളും തന്‍റെ കൈയിലുണ്ടെന്നും വിദ്യാൻ വ്യക്തമാക്കി. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടാണ് സ്മൃതി, പലാശ് മുച്ഛലുമായി വിവാഹം റദ്ദാക്കിയെന്നും ബന്ധത്തിൽനിന്നു പിന്മാറിയെന്നുമുള്ള വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറംലോകത്തെ അറിയിച്ചത്. നവംബർ 23ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽവെച്ചാണ് വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. വിവാഹവേദിയിലേക്ക് ആംബുലൻസ് എത്തിച്ചാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്കു മാറ്റിയത്.





