Site icon Newskerala

തട്ടം വിവാദത്തിൽ പെട്ട പള്ളുരുത്തി സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് കൊച്ചിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

കൊച്ചി: തട്ടം വിവാദത്തില്‍പ്പെട്ട പള്ളുരുത്തി സെന്റ് റീത്ത സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ കൊച്ചിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കൊച്ചി കോര്‍പ്പറേഷനിലെ 62ാം ഡിവിഷനില്‍ നിന്നായിരിക്കും ജോഷി മത്സരിക്കുക. കോര്‍പ്പറേഷനിലെ പുതിയ വാര്‍ഡ് കൂടിയാണിത്.
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി)യുടെ സ്ഥാനാര്‍ത്ഥിയായാണ് ജോഷി ജനവിധി തേടുന്നത്. ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു.

ജോഷി സംഘപരിവാര്‍ അനുകൂലിയാണെന്ന ആരോപണവുമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സംഘടനകളുമായും ബന്ധമില്ലെന്ന് ജോഷി പറഞ്ഞിരുന്നു.
വിവാദത്തില്‍ സെന്റ് റീത്ത സ്‌കൂളിനെ അനുകൂലിച്ചും വിദ്യാര്‍ത്ഥിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ജോഷി സ്വീകരിച്ചിരുന്നത്.

‘നിയമം എല്ലാവര്‍ക്കും തുല്യം. സ്‌കൂള്‍ അച്ചടക്കം ഉയര്‍ത്തിപ്പിടിച്ച പ്രിന്‍സിപ്പാളിന് ഐക്യദാര്‍ഢ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച്, അച്ചടക്കം കാത്തുസൂക്ഷിക്കുകയും എല്ലാവര്‍ക്കും തുല്യമായി ബാധകമായ നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടത് പ്രിന്‍സിപ്പാളിന്റെ പരമമായ ഉത്തരവാദിത്തമാണ്. ഒരു പ്രത്യേക സ്‌കൂളില്‍, വിദ്യാര്‍ത്ഥിക്ക് അനുവദനീയമല്ലാത്ത ഒരു വസ്ത്രം (ഹിജാബ്) ബോധപൂര്‍വം ധരിച്ചെത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ സ്വീകരിച്ച നിലപാട്, സ്ഥാപനത്തിന്റെ നിയമങ്ങളെയും മതേതര സ്വഭാവത്തെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ്,’ എന്ന ജോഷിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിനുപിന്നാലെ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പി.ടി.എ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തി ജോഷിക്കെതിരെ പരാതി നല്‍കിയിരുന്നു.
ശിരോവസ്ത്ര വിലക്ക് വിവാദമായതിനിടെ ജോഷി കൈതവളപ്പില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയെന്നായിരുന്നു പരാതി. കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ പോസ്റ്റുകള്‍ ഉള്‍പ്പെടെ ജോഷി പ്രചരിപ്പിച്ചതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version