യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; പാൻട്രി കാർ മാനേജർ അറസ്റ്റിൽ
ചെറുതുരുത്തി: ട്രെയിൻ യാത്രക്കാരന്റെ ദേഹത്തേക്ക് പാൻട്രികാർ ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപിച്ചു. നേത്രാവതി എക്സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന മുംബൈ സ്വദേശി അഭിഷേക് ബാബുവിനാണ് (24) പൊള്ളലേറ്റത്. മുതുകിനും കാലിനും പൊള്ളലേറ്റേ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയിൽവേ പൊലീസും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാൻട്രി കാർ മാനേജർ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ എസ്.ഐ അനിൽ മാത്യു അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ തൃശൂർ തൃപ്രയാറിലെ സുഹൃത്ത് ഹഷീഷിന്റെ വീട്ടിലേക്ക് വരുകയായിരുന്നു അഭിഷേക് ബാബു, സുഹൃത്തുക്കളായ അനീഷ്, കിഷൻ, തേജസ്, സിതേഷ് എന്നിവർ. വ്യാഴാഴ്ച രാത്രി കൈയിലെ വെള്ളം തീർന്നതിനെ തുടർന്ന് ഇവർ പാചകശാലയിൽ വെള്ളം വാങ്ങാൻ ചെന്നു. 200 രൂപ നൽകിയപ്പോൾ 15 രൂപ ചില്ലറ നൽകാൻ ജീവനക്കാർ ആവശ്യപ്പെട്ടത് തർക്കത്തിനിടയാക്കി. തിരികെ സീറ്റിലെത്തിയപ്പോഴാണ് കണ്ണടയും തൊപ്പിയും പാചകശാലയിൽ മറന്നുവെച്ചത് ഓർമിച്ചത്. ഇത് തിരികെ ചോദിച്ചപ്പോൾ രാവിലെ തരാമെന്ന് ജീവനക്കാർ മറുപടി നൽകി.വെള്ളിയാഴ്ച രാവിലെ പത്തോടെ കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് ചെന്നപ്പോൾ, മാനേജർ രാഗവേന്ദ്ര സിങ് സ്റ്റീൽ ബക്കറ്റിലുണ്ടായിരുന്ന തിളച്ച വെള്ളം അഭിഷേക് ബാബുവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. റെയിൽവേ പൊലീസിനെ അറിയിച്ചതോടെ ട്രെയിൻ തൃശൂരിൽ എത്തിയപ്പോൾ മാനേജരെ പിടികൂടുകയായിരുന്നു.





