കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തോടെ; ഫിലിപ്പ് മമ്പാടിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്‌

മലപ്പുറം: പോക്‌സോ കേസില്‍ അറസ്റ്റിലായ മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാടിന്റെ റിമാന്‍റ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. പൊലീസ് ഐഡി കാര്‍ഡ് കാണിച്ചാണ് ഫിലിപ്പ് ഹോട്ടലില്‍ മുറിയെടുത്തത്. അതിജീവിതയുടെ വീട്ടില്‍ പോയി ഫിലിപ്പ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടിവേഷന്‍ പ്രോഗ്രാമിന് കൊണ്ടുപോകുന്നുവെന്നാണ് ഫിലിപ്പ് അതിജീവിതയോട് പറഞ്ഞത്. ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെ പെണ്‍കുട്ടിയെ കൊണ്ടുപോയതെന്നും അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തില്‍ സ്വാധീനമുള്ള പ്രതി മനപൂര്‍വം ചെയ്ത ഗുരുതര കുറ്റകൃത്യമാണ് ഫിലിപ്പിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത്തരക്കാര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാനിടയാക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസര്‍കോട് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്. കോഴിക്കോട് ജില്ലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫിലിപ്പിനെ നിലമ്പൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 2025 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. മോട്ടിവേഷണല്‍ സ്പീക്കറും, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button