ഇന്ത്യൻ ക്രിക്കറ്റിനെ നശിപ്പിക്കുന്നതിനു മുമ്പ് ദയവായി ഒഴിഞ്ഞുപോകൂ…’; ഗംഭീറിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധക രോഷം

ഗുവാഹത്തി: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെ ഗൗതം ഗംഭീറിനെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 201 റൺസിന് പുറത്തായിരുന്നു. 288 റൺസിന്‍റെ ലീഡാണ് വഴങ്ങിയത്. ഏഴിന് 122 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യൻ ബാറ്റിങ് നിരയെ വാലറ്റത്ത് പൊരുതിനിന്ന വാഷിങ്ടൺ സുന്ദറും കുൽദീപ് യാദവുമാണ് ടീം സ്കോർ 200 കടത്തിയത്. ഒന്നാം ടെസ്റ്റിൽ ഇന്ത്യ ദയനീയമായി തോറ്റിരുന്നു. ബാറ്റർമാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. ഗംഭീർ പരിശീലന ചുമതല ഏറ്റെടുത്തശേഷം ഇന്ത്യ വൈറ്റ് ബാൾ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുമ്പോഴും റെഡ് ബാളിൽ ഇന്ത്യൻ മണ്ണിലടക്കം ചരിത്ര തോൽവി ഏറ്റുവാങ്ങുകയാണ്. ബംഗ്ലാദേശിനെതിരെ നാട്ടിൽ പരമ്പര ജയിച്ചു തുടങ്ങിയ ഇന്ത്യ, ന്യൂസിലൻഡിനു മുമ്പിൽ 3-0ത്തിന് പരമ്പര അടിയറവെച്ചു. പിന്നാലെ ആസ്ട്രേലിയയോട് അവരുടെ നാട്ടിൽ 3-1ന് തോറ്റു. വെസ്റ്റിൻഡീസിനോട് 2-0ത്തിന് ടെസ്റ്റ് ജയിച്ചെങ്കിലും സ്വന്തം നാട്ടിൽ മറ്റൊരു ചരിത്ര തോൽവിക്കരികെയാണ് ഇന്ത്യ നിൽക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യൻ സംഘം, ഗുവാഹത്തി ടെസ്റ്റിലും തോൽവിയുടെ വക്കിലാണ്. രണ്ടാം ടെസ്റ്റിൽ രണ്ടുദിവസം ബാക്കി നിൽക്കെ ഇനി അത്ഭുതങ്ങൾ സംഭവിച്ചാലും ഇന്ത്യക്ക് ജയിക്കാനാകില്ല. പ്രോട്ടീസിന് സമനില പിടിച്ചാലും പരമ്പര സ്വന്തമാക്കാനാകും. അങ്ങനെയെങ്കിൽ 2000ത്തിനുശേഷം ആദ്യമായി ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കും. ഇന്ത്യൻ ബാറ്റിങ് ഓർഡറിലെ പരീക്ഷണമാണ് തോൽവിക്കു കാരണമെന്നാണ് ഗംഭീറിനെതിരെ ആരാധകർ ഉന്നയിക്കുന്ന പ്രധാന വിമർശനം. ആദ്യ മൂന്നു സ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ, ബാക്കിയുള്ള സ്ഥാനങ്ങളിലെല്ലാം ഓരോ ഇന്നിങ്സിലും വ്യത്യസ്ത താരങ്ങളാണ് ബാറ്റിങ്ങിന് ഇറങ്ങുന്നത്. മൂന്നാം നമ്പറിൽ കരുൺ നായർ, സായി സുദർശൻ, വാഷിങ്ടൺ സുന്ദർ എന്നിവരെയെല്ലാം കളിപ്പിച്ചു. ഓൾ റൗണ്ടർമാരെ മാറ്റി മാറ്റി പരീക്ഷിക്കുന്ന ഗംഭീറിന്‍റെ തന്ത്രങ്ങളും പാളുകയാണ്.ഗംഭീറിന്‍റെ തന്ത്രങ്ങളിൽ മനംമടുത്ത ആരാധകർ, അദ്ദേഹത്തെ ഉടൻ തന്നെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉന്നയിക്കുന്നത്. ‘പ്രിയപ്പെട്ട ബി.സി.സി.ഐ, ഇന്ത്യൻ ടീമിനെ പൂർണമായി നശിപ്പിക്കുന്നതിനു മുമ്പ് ഗൗതം ഗംഭീറിനെ ഒഴിവാക്കു. പിന്നീട് ഖേദിക്കേണ്ടി വരും’ -ഒരു ആരാധകൻ എക്സിൽ കുറിച്ചു. ’സമാധാനത്തോടെ വിശ്രമിക്കൂ. ടെസ്റ്റ് ക്രിക്കറ്റ് ഇന്ത്യ! @ ബി.സി.സി.ഐ. ഗംഭീർ ദയവായി പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന് അഭ്യർഥിക്കുന്നു. ഗംഭീർ എന്ന കളിക്കാരനെയാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്’ -മറ്റൊരു ആരാധകൻ കുറിച്ചു.‘പരിശീലകനെന്ന നിലയിൽ 18 ടെസ്റ്റിനുശേഷം: ഇന്ത്യക്ക് ഏഴു ജയവും ഒമ്പത് തോൽവിയും. 12 വർഷത്തിനുശേഷം നാട്ടിൽ ആദ്യമായി ഒരു പരമ്പര തോൽവി. ഗംഭീറിനെയും അജിത് അഗാർക്കറിനെയും ഒഴിവാക്കാനുള്ള സമയമായിരിക്കുന്നു’ -ഒരു ആരാധകൻ വിമർശിച്ചു. ആതിഥേയരെ ഫോളോ ഓൺ ചെയ്യിക്കമായിരിന്നിട്ടും, ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് ഇറങ്ങാൻ തീരുമാനിച്ചത് ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ചു.

ദക്ഷിണാഫ്രികക്കായി 91റൺസ് അടിച്ചെടുത്ത മാർകോ ജാൻസൺ തന്നെയായിരുന്നു ബൗളിങ്ങിലും ഇന്ത്യയെ തരിപ്പണമാക്കിയത്. ആറ് വിക്കറ്റുമായി താരം ഇന്ത്യയുടെ മധ്യനിരയെ തകർത്തു. വിക്കറ്റൊന്നും നഷ്ടമാവാതെ ഒമ്പത് റൺസ് എന്ന നിലയിൽ ഇന്ത്യ തിങ്കളാഴ്ച കളി ആരംഭിച്ചിതിനു പിന്നാലെ ബാറ്റമാർ ഓരോന്നോയി കൂടാരം കയറി. ഓപണർ യശസ്വി ജയ്സ്വാളും (58), കെ.എൽ രാഹുലും (22) പിടിച്ചു നിന്ന ആദ്യവിക്കറ്റിൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന പോരാട്ടംകാഴ്ചവെക്കാനായുള്ളൂ. 65 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായതെങ്കിൽ, അടുത്ത 60 റൺസ് കൂട്ടിചേർക്കുന്നതിനിടെ ഏഴാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സായ് സുദർശൻ (15), ധ്രുവ് ജുറൽ (0), ക്യാപ്റ്റൻ ഋഷഭ് പന്ത് (7), രവീന്ദ്ര ജദേജ (6), നിതീഷ് കുമാർ റെഡ്ഡി (10) എന്നിവർ നാണംകെട്ട് പുറത്തായി. ഏഴിന് 122 എന്ന നിലയിൽ തകർന്നയിടത്തു നിന്നും വാഷിങ് ടൺ സുന്ദറും, കുൽദീപ് യാദവും നടത്തിയ ചെറുത്തു നിൽപ് 200 കടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button