മാതാപിതാക്കൾക്ക് മുൻപിൽ ഏഴുവയസുകാരിക്കെതിരെ ലൈംഗികാതിക്രമം, വീഡിയോക്ക് പിന്നാലെ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ പോക്‌സോ കേസ്
ബെംഗളൂരു: കര്‍ണാടകയില്‍ ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ പോക്‌സോ കേസ്. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ മല്ലികാര്‍ജുന്‍ മുറ്റാവയെന്ന ആള്‍ക്കെതിരെയാണ് കേസ്. കുട്ടിയെ മാതാപിതാക്കള്‍ക്ക് മുന്‍പില്‍ വെച്ച് മടിയിലിരുത്തി ചുംബിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ കര്‍ണാടക ശിശു സംരക്ഷണ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ നടപടി ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരിലെ കുട്ടിക്ക് നേരെയാണ് ആള്‍ദൈവത്തിന്റെ ക്രൂരത. കുട്ടിയെ മടിയിലിരുത്തിയ രീതി ശരിയായില്ലെന്ന് തോന്നിയ മാതാപിതാക്കള്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതിനാലാണ് സംഭവം പുറംലോകമറിയുന്നത്. വീഡിയോയില്‍ ഇയാളുടെ മടിയിലിരിക്കുന്ന കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ‘ഈ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ കേസെടുത്തിരിക്കുകയാണ്. അന്വേഷണം ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടിക്കും മാതാപിതാക്കള്‍ക്കും പറയാനുള്ളത് അവര്‍ വീഡിയോ എടുത്ത് അയച്ചുതന്നിട്ടുണ്ട്. വീഡിയോയില്‍ കുട്ടി വല്ലാതെ അസ്വസ്ഥയാണെന്ന് കാണാം. കൗണ്‍സലിങിന് പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ടത്.’ യാദ്ഗിര്‍ എസ്പി വ്യക്തമാക്കി.





