ദോഹ: ഓസ്ട്രിയയെ പരാജയപ്പെടുത്തി അണ്ടർ 17 ലോകകപ്പ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ. ആദ്യ പകുതിയിൽ അനിസിയോ കബ്രാൽ നേടിയ ഗോളിലാണ് പറങ്കിപ്പടയുടെ ജയം. പോർച്ചുഗലിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്. ലൂസേഴ്‌സ് ഫൈനലിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജപ്പെടുത്തി ഇറ്റലി മൂന്നാം സ്ഥാനം കരസ്ഥമാക്കി.ദോഹയിലെ ഖലീഫ അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പുതിയ ചാമ്പ്യന്മാരെ തേടുകയായിരുന്നു ലോകം. ഇരു ടീമുകളും ആദ്യമായണ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. മത്സരത്തിന്റെ 32ാം മിനിറ്റിൽ ഡ്വാർട്ടെ കുന്യ നൽകിയ പന്ത് വലയിലെത്തിച്ച് അലിസിയോ കബ്രാൽ പോർച്ചുഗലിന് ലീഡ് നൽകി. ഓസ്ട്രിയയുടെ നിരന്തരമായ അക്രമണങ്ങൾ ഉണ്ടായിട്ടും ഗോൾ വല ഭേദിക്ക അവർക്കായില്ല. അലിസിയോ കബ്രാളിന്റെ ടൂർണമെന്റിൽ ഏഴാമത്തെ ഗോളാണിത്. എട്ട് ഗോളുകളുമായി ഓസ്ട്രിയയുടെ ജൊഹാനസ് മൊസർ ഗോൾഡൻ ബൂട്ട് നേടി. 2003 ന് ശേഷം ആദ്യമായി അണ്ടർ 17 ലോകകപ്പിനെത്തിയ പോർച്ചുഗൽ ബെൽജിയം, മെക്സിക്കോ, സ്വിറ്റ്സർലാന്റ്, ബ്രസീൽ ടീമുകളെ മറികടന്നാണ് ഫൈനലിലേക്ക് മുന്നേറിയത്.മൂന്നാം സ്ഥാനക്കാരുടെ മത്സരത്തിൽ മുഴുവൻ സമയത്തിന് ശേഷവും ഗോൾ രഹിത സമനിലയിൽ തുടർന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് ആയിരുന്നു ഇറ്റലിയുടെ വിജയം. ആദ്യ പകുതിയുടെ തുടക്കത്തിൽ ബ്രസീലിന്റെ വിറ്റോർ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. നിലവിലെ അണ്ടർ 17 യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗലിന്റെ ഈ വർഷത്തെ രണ്ടാമത്തെ അന്തരാഷ്ട്ര കിരീടമാണ്.


