സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം
തൃശൂർ: അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടിൽ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായിരുന്നു.രാവിലെ ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിനെ ഓവർടേക്ക് ചെയ്ത് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌നേഹയുടെ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന്റെ പിൻചക്രം സ്‌നേഹയുടെ തലയിലൂടെ കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് സംഭവം. സ്ഥിരം അപകട മേഖലയാണിത്. നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്.ജെറി ഡേവിസ് ( അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ ഗവ എഞ്ചിനീയറിംഗ് കോളേജ്) ആണ് സ്നേഹയുടെ ഭർത്താവ്. അഞ്ചും ഒന്നും വയസുള്ള രണ്ട് മക്കളുണ്ട്.





