റായ്പുർ: ഇന്ത്യ ഉയർത്തിയ 359 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടന്ന് പ്രോട്ടീസ് പട. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 49.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ഓപണർ എയ്ഡൻ മാർക്രത്തിന്റെയും (110), 68 റൺസെടുത്ത മാത്യൂ ബ്രീറ്റ്സ്കെയുടേയും 54 റൺസെടുത്ത ഡിവാൾഡ് ബ്രെവിസിന്റെയും 46 റൺസെടുത്ത ക്യാപ്റ്റൻ ടെംബ ബാവുമെയുടേയും കരുത്തിലാണ് ഇന്ത്യ ഉയർത്തിയ റൺമല താണ്ടിയത്. നേരത്തെ, പതിവ് പോലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് അടിച്ച് കൂട്ടിയത്. റൺമെഷീൻ വിരാട് കോഹ്‌ലി (102), യുവതാരം ഋതുരാജ് ഗെയ്ക്വാദ് (105) എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടലിലെത്തിയത്.മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്നൊരുക്കിയ 195 റൺസിന്‍റെ പാർട്നർഷിപ് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ലായി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കോഹ്‌ലി സെഞ്ച്വറിയടിച്ചത്. ക്യാപ്റ്റൻ കെ.എൽ രാഹുൽ (66) അർധ സെഞ്ച്വറി സ്വന്തമാക്കി. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത്യൻ ബാറ്റർമാർ അടിച്ചുകൂട്ടിയത്. പ്രോട്ടീസിനായി മാർകോ യാൻസൻ രണ്ട് വിക്കറ്റ് നേടി.മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടർച്ചയായ 20-ാം തവണയാണ് ഏകദിനത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. തുടക്കത്തിൽ എക്സ്ട്രാ റണ്ണുകൾ നിരവധി പിറന്നതോടെ ഇന്ത്യൻ ഓപണർമാർക്ക് ജോലി കുറഞ്ഞു. സ്കോർ 40ൽ നിൽക്കേ രോഹിത് ശർമയെ (14) നാന്ദ്രേ ബർഗർ വിക്കറ്റ് കീപ്പർ ക്വിന്‍റൻ ഡികോക്കിന്‍റെ കൈകളിലെത്തിച്ചു. വൈകാതെ 22 റൺസുമായി യശസ്വി ജയ്സ്വാളും പുറത്തായതോടെ സ്കോർ രണ്ടിന് 62 എന്ന നിലയിലായി. പിന്നീടൊന്നിച്ച കോഹ്‌ലി -ഋതുരാജ് സഖ്യം മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. തുടക്കത്തിൽ പതിഞ്ഞു കളിച്ച ഋതുരാജ്, അർധ ശതകം പിന്നിട്ടതോടെ ഗിയർ മാറ്റി. വമ്പൻ ഷോട്ടുകൾ പുറത്തെടുത്ത താരം യഥേഷ്ടം ബൗണ്ടറികളും കണ്ടെത്തി. 83 പന്തിൽ 12 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. സെഞ്ച്വറി പിന്നിട്ടതിനു പിന്നാലെ മാർകോ യാൻസന്‍റെ പന്തിൽ ടോണി ഡിസോർസിക്ക് ക്യാച്ച് സമ്മാനിച്ചാണ് ഋതുരാജ് (105) മടങ്ങിയത്. 53-ാം ഏകദിന സെഞ്ച്വറിയിലൂടെ സ്വന്തം റെക്കോഡ് പുതുക്കിയ കോഹ്‌ലി, പ്രോട്ടീസ് ബൗളർമാരെ നിർദയം ശിക്ഷിച്ചാണ് കളം വിട്ടത്. ക്രിക്കറ്റിൽ ഒരു ഫോർമാറ്റിൽ മാത്രം ഏറ്റവുമധികം സെഞ്ച്വറിയെന്ന റെക്കോഡ് കഴിഞ്ഞ മത്സരത്തിൽ കോഹ്‌ലി സ്വന്തമാക്കിയിരുന്നു. 51 ടെസ്റ്റ് സെഞ്ച്വറികളുള്ള സചിൻ ടെണ്ടുൽക്കറെയാണ് പിന്നിലാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരെ തുടർച്ചയായ മൂന്നാം ഏകദിനത്തിലാണ് കോഹ്ലി മൂന്നക്കം തികച്ചത്. തന്നെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് ഇത്തവണ താരത്തിന്‍റെ പ്രകടനം. ക്ലാസ് ഷോട്ടുകളുമായി കളം നിറഞ്ഞ കോഹ്‌ലി, 93 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സുമുൾപ്പെടെ 102 റൺസ് നേടിയാണ് പുറത്തായത്. ഒറ്റ റൺ മാത്രം നേടിയ വാഷിങ്ടൺ സുന്ദർ റണ്ണൗട്ടായി. രാഹുലിനൊപ്പം രവിന്ദ്ര ജഡേജയും (24) പുറത്താകാതെ നിന്നു.


