വി.ഡി സതീശനുമായുള്ള പരസ്യ സംവാദം; മുഖ്യമന്ത്രിയുടെ മറുപടി ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: പരസ്യ സംവാദത്തിനുള്ള സമയവും സ്ഥലവും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇന്ന് ഉണ്ടായേക്കും. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിയ മുഖ്യമന്ത്രി രാവിലെ 10 മണിക്ക് എകെജി സെന്‍ററിൽ വാർത്താ സമ്മേളനം നടത്തും. പ്രചരണ തിരക്കിലായതിനാൽ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാകുമോ എന്ന് വ്യക്തതയില്ല.കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങളിലൂന്നി മുഖ്യമന്ത്രി പ്രചരണം നടത്തുമ്പോഴാണ് പ്രതിപക്ഷ നേതാവ് ഒരു ചോദ്യം എറിഞ്ഞത്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സംവാദത്തിന് തയ്യാറാണോ എന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള സതീശന്‍റെ ചോദ്യം. സംവാദത്തിന് തയ്യാറാണെന്ന സൂചന നൽകി മുഖ്യമന്ത്രി പ്രതികരിച്ചു . നിയമസഭയിലെ ചർച്ചകളില്‍ നിന്ന് വിട്ട് നിന്ന് പ്രതിപക്ഷം ഇപ്പോഴെങ്കിലും സംവാദത്തിന് തയ്യാറായതിൽ സന്തോഷം എന്നും മുഖ്യമന്ത്രി പറഞ്ഞു.സംവാദത്തിന്‍റെ സമയവും തിയതിയും മുഖ്യമന്ത്രി തന്നെ തീരുമാനിക്കട്ടെ, താൻ എപ്പോഴും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.ഇതിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് രാവിലെ ഉണ്ടാകും.തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരം ജില്ലയിലുണ്ട്. രാവിലെ 10 മണിക്ക് എകെജി സെന്‍ററിലാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ഏപ്രിൽ 3 വരെ വിവിധ ജില്ലകളിൽ പര്യടനത്തിലാണ് മുഖ്യമന്ത്രി. നാളെ ആലപ്പുഴയും മറ്റന്നാൾ കോഴിക്കോടും മൂന്നാം തീയതി കണ്ണൂരും ആണ് മുഖ്യമന്ത്രിയുടെ പ്രചരണം തീരുമാനിച്ചിരിക്കുന്നത്.അതിനുശേഷം ധർമ്മടത്ത് പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി വോട്ടെടുപ്പിന് ശേഷം മാത്രമേ തിരികെ തലസ്ഥാനത്ത് എത്തുകയുള്ളൂ.നേരത്തെ തീരുമാനിച്ച ഈ ഷെഡ്യൂളിൽ മാറ്റം വരുത്തി മുഖ്യമന്ത്രി സംവാദത്തിന് തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സമയക്രമത്തിൽ മാറ്റം വരുത്തി മുഖ്യമന്ത്രി സംവാദത്തിന് തയ്യാറായാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ അത്യപൂർവ്വ കാഴ്ചയാകും അത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button