നടിയോട് അപമര്യാദയായി പെരുമാറി; റെയിൽവേ പോർട്ടർ അറസ്റ്റിൽ
തിരുവനന്തപുരം: നടിയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ പോർട്ടർ അറസ്റ്റിൽ. അരുൺ എന്ന യുവാവാണ് അറസ്റ്റിലായത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവെ പോർട്ടർ കടന്നുപിടിച്ചെന്നായിരുന്നു നടിയുടെ പരാതി. കോഴിക്കോട്ട്, പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവും അറസ്റ്റിലായി. കാക്കൂർ സ്വദേശി സഞ്ജയ് നിവാസിൽ സഞ്ജയ്‌യാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി. കോഴിക്കോട് വെള്ളിമാടുകുന്ന് നിർഭയ എൻട്രി ഹോമിൽ താമസിക്കുന്ന 17കാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി കോഴിക്കോട് അപ്സര തിയേറ്ററിന് സമീപത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർഭയ എൻട്രി ഹോമിൽ നിന്ന് സ്കൂളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കാണാതായത്. അന്ന് രാത്രി തന്നെ ചേവായൂർ പൊലീസ് ബീച്ചിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് പീഡനവിവരം പറയുന്നത്. തുടർന്ന് ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടി പീഡനത്തിന് ഇരയായത് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അവർക്ക് കൈമാറുകയുമായിരുന്നു. ടൗൺ പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെപ്പറ്റി മനസിലാക്കുകയും കോഴിക്കോട് നിന്ന് പിടികൂടുകയുമായിരുന്നു.





