Site icon Newskerala

മഴക്കളി സമനിലയിൽ; സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ-മലപ്പുറം ബലാബലം, (2-2)

.കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് എഫ്‌സി- മലപ്പുറം എഫ്‌സി മത്സരം സമനിലയിൽ. ഇരുടീമുകളും രണ്ട് ഗോൾവീതമടിച്ചാണ് കൈകൊടുത്തത്. കണ്ണൂരിനായി മുഹമ്മദ് സിനാൻ, നിദാൽ സയ്യിദ് ഗോൾ നേടി. മലപ്പുറത്തിനായി അബ്ദുൽ ഹക്കു, എയ്‌തോർ ആൽഡലിർ ലക്ഷ്യംകണ്ടു. ഏഴ് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കണ്ണൂരിനും മലപ്പുറത്തിനും 10 പോയന്റ് വീതമാണുള്ളത്. ഗോൾശരാശരിയിൽ മലപ്പുറം മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. കണ്ണൂർ അഞ്ചാമതാണ്. കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം കനത്ത മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ തടസപ്പെട്ടു. ഗ്രൗണ്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് ആദ്യ പകുതിക്ക് ശേഷം കളി നിർത്തിവെച്ചത്.ഏഴാം മിനിറ്റിൽ മലപ്പുറത്തിനായി എൽഫോർസി എടുത്ത കോർണർ കിക്കിന് അബ്ദുൽ ഹക്കു തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇരുപത്തിനാലാം മിനിറ്റിൽ എൽഫോർസിയെ ഫൗൾ ചെയ്ത കണ്ണൂർ ക്യാപ്റ്റൻ ലവ്‌സാംബക്ക് റഫറി മഞ്ഞക്കാർഡ് നൽകി. തൊട്ടുപിന്നാലെ ലഭിച്ച സുവർണാവസരം മലപ്പുറത്തിന്റെ അണ്ടർ 23 താരം റിഷാദ് ഗഫൂർ പുറത്തേക്കടിച്ചു നഷ്ടമാക്കി. 32ാം മിനിറ്റിൽ കണ്ണൂരിന്റെ ആദ്യ ഗോളെത്തി. എസിയർ ഗോമസ് നൽകിയ പാസ് വലതു വിങിൽ നിന്ന് കരീം സാമ്പ് സെക്കന്റ് പോസ്റ്റിലേക്ക് ഉയർത്തിയിട്ടു. കുതിച്ചെത്തിയ യുവതാരം മുഹമ്മദ് സിനാൻ ഡൈവിങ് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു (1-0). നാൽപ്പത്തിരണ്ടാം മിനിറ്റിൽ മലപ്പുറം സമനില പിടിച്ചു. എൽഫോർസിയുടെ കോർണർ വലയിലെത്തിച്ചത് അബ്ദുൽ ഹക്കു (1-1). സീസണിൽ ഹക്കു നേടുന്ന രണ്ടാം ഗോൾ.കനത്ത മഴയിലും കാറ്റിലുമാണ് രണ്ടാം പകുതി തുടങ്ങിയത്. മൂന്ന് മിനിറ്റിനകം മലപ്പുറം മത്സരത്തിൽ ആദ്യമായി ലീഡ് പിടിച്ചു. എൽഫോർസി ഉയർത്തിനൽകിയ പന്ത് ക്യാപ്റ്റൻ എയ്‌തോർ ആൽഡലിറാണ് ഹെഡ്ഡറിലൂടെ ഗോളാക്കിമാറ്റിയത് (2-1). തൊട്ടുപിന്നാലെ ശക്തമായ മഴയെ തുടർന്ന് ഗ്രൗണ്ടിൽ വെള്ളം കെട്ടിക്കിടന്നതോടെ റഫറി വെങ്കിടേശ് മത്സരം താൽക്കാലികമായി നിർത്തിവെച്ചു. ഒരു മണിക്കൂറിലേറെ സമയം കഴിഞ്ഞാണ് പുനരാരംഭിക്കാനായത്. മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ പന്ത് നീക്കാൻ ഇരു ടീമുകളും പ്രയാസപ്പെടുന്ന കാഴ്ചയായിരുന്നു പിന്നീട്. കളി പുനരാരംഭിച്ച ശേഷം കരീം സാമ്പിന് മികച്ച രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മലപ്പുറം ഗോൾ കീപ്പർ അസ്ഹറിനെ മറികടക്കാൻ കഴിഞ്ഞില്ല. അറുപത്തിയേഴാം മിനിറ്റിൽ കണ്ണൂർ ഒപ്പമെത്തി. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് ലവ്‌സാംബ ബാക്ക് ഹീൽ പാസ് നൽകിയത് പകരക്കാരനായി എത്തിയ നിദാൽ സയ്യിദ് ഗോളാക്കി മാറ്റി (2-2). വെള്ളിയാഴ്ച എട്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

Exit mobile version