രാജേഷ് മാധവന്‍റെ ആദ്യ സംവിധാന ചിത്രം; ‘പെണ്ണും പൊറാട്ടും’ ഒ.ടി.ടിയിലേക്ക്
നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ ഒ.ടി.ടിയിലേക്ക്. മാർച്ച് 13ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പ്ലാറ്റ്‍ഫോമിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവും. ജനക്കൂട്ടത്തിന്റെ വിചാരണ, ധാർമിക ഗുണ്ടായിസം എന്നിവയെ പരിഹാസരൂപേണ അവതരിപ്പിക്കുന്ന സോഷ്യൽ സറ്റയറാണ് ഈ ചിത്രം. അന്താരാഷ്ട്ര ചലച്ചിത്രമേളകളായ ഐ.എഫ്.എഫ്.ഐ ഗോവയിലും ഐ.എഫ്.കെയിലും നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും പിടിച്ചുപറ്റിയ ചിത്രം ഫെബ്രുവരി 13നാണ് തിയറ്ററുകളിലെത്തിയത്. തിയറ്റർ റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. പട്ടട എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെയുള്ളവർ സംസാരിക്കുന്നത് പാലക്കാടൻ മലയാളമാണ്. കന്നുകാലികളും വളർത്തുപക്ഷികളും കുളങ്ങളും കരിങ്കൽക്വാറികളും ഉള്ള ഒരു സ്ഥലം. നൂറിലധികം പുതുമുഖങ്ങൾക്കൊപ്പം നാനൂറോളം പക്ഷിമൃഗാദികളും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ‘സുട്ടു’ എന്ന നായക്ക് ശബ്ദം നൽകിയിരിക്കുന്നത് താരം ടൊവിനോ തോമസാണ്. മഹേഷിന്റെ പ്രതികാരം, ന്നാ താൻ കേസ് കോട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സൂപ്പർ ഹിറ്റുകളുടെ നിർമ്മാതാവായ സന്തോഷ് ടി. കുരുവിളയാണ് എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർക്കൊപ്പം ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഭീഷ്മ പർവ്വം, റാണി പത്മിനി എന്നീ ചിത്രങ്ങളുടെ രചയിതാവായ രവിശങ്കറാണ് പെണ്ണും പൊറാട്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഡോൺ വിൻസെന്റിന്റെ സംഗീതവും വൈശാഖ് സുഗുണന്റെ വരികളും ചിത്രത്തിന്‍റെ ഹൈപ്പ് കൂട്ടുന്നു.





